മമ്മിയൂരിൽ ഭക്തിനിർഭര അനുസ്മരണം; രജതജൂബിലി വാർഷിക സമ്മേളനം ആഗസ്റ്റ് 9-ന് രുക്മിണി റീജൻസിയിൽ ഗോപി വെളിച്ചപ്പാട് സ്മരണയോടെ.
ഗുരുവായൂർ: രാജ്യത്തിന്റെ ആത്മീയ ചൈതന്യത്തിന് പ്രചോദനമായും, ഭഗവതി രൂപ പൂർണ കോമരമായും, തട്ടകത്തിന്റെ കലാ-ആചാര പാരമ്പര്യ സംരക്ഷണത്തിന് ജീവിതം സമർപ്പിച്ച മഹാനുമായിരുന്ന ഗോപി വെളിച്ചപ്പാടിന്റെ 25-ാം ചരമവാർഷിക ദിനം തിരുവെങ്കിടം പാനയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ അനുസ്മരണ ചടങ്ങുകളോടെ ആചരിച്ചു.
മമ്മിയൂർ സരസ്വതി ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പാനയോഗത്തിന്റെ സ്ഥാപകഭൂജാതാവും സംഘടനയുടെ വളർച്ചയ്ക്ക് നിർണായക നേതൃത്വം നൽകിയ വ്യക്തിത്വവുമായിരുന്ന ഗോപി വെളിച്ചപ്പാടിന്റെ പ്രത്യേകം അലങ്കരിച്ച ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ നിരവധി കലാകാരൻമാരും വിശ്വാസികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
പാനയോഗം പ്രസിഡന്റ് ശശി വാറണാട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഞ്ഞുളാൽത്തറ മേളപ്രമാണി ഗുരുവായൂർ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പാനയോഗം കോ-ഓർഡിനേറ്റർ ബാലൻ വാറണാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഗോപി വെളിച്ചപ്പാടിന്റെ ആത്മീയ സേവനങ്ങളും കലാസാംസ്കാരിക മേഖലയിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും അദ്ദേഹം അനുസ്മരണ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
തുടർന്ന് വാദ്യ-അനുഷ്ഠാന-ക്ഷേത്രകലാ രംഗങ്ങളിലെ പ്രമുഖരായ ഉണ്ണികൃഷ്ണൻ എടവന, ഷൺമുഖൻ തെച്ചിയിൽ, പ്രീത എടവന, ദേവിദാസൻ എടവന, മുരളി അകമ്പടി, എ. സരസ്വതിയമ്മ, ഹരീഷ് മമ്മിയൂർ, ഭാരതി എടവന, വത്സല അപ്പുക്കുട്ടൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഗോപി വെളിച്ചപ്പാടിന്റെ ആത്മീയ പൈതൃകവും കലാഗ്രാമ സൃഷ്ടിയിലൂടെയുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും അവർ അനുസ്മരിച്ചു. അനുസ്മരണ ചടങ്ങുകൾക്ക് ശേഷം പങ്കെടുത്തവർക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
യോഗത്തിൽ തിരുവെങ്കിടം പാനയോഗത്തിന്റെ രജതജൂബിലി വാർഷിക സമ്മേളനം ആഗസ്റ്റ് 9-ന് ഗുരുവായൂരിലെ രുക്മിണി റീജൻസിയിൽ ഗോപി വെളിച്ചപ്പാടിന്റെ സ്മരണയ്ക്ക് സമർപ്പിച്ച് വിപുലമായി സംഘടിപ്പിക്കാനും തീരുമാനമായി. ആത്മീയ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിവിധ അനുസ്മരണ പരിപാടികളും ആദരവുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.



