സ്കൂൾ വിദ്യാർത്ഥികൾക്ക് സംസ്ഥാനതല വേദി; വിജയികൾക്ക് ₹3,000 വരെ ക്യാഷ് അവാർഡും പ്രത്യേക സമ്മാനങ്ങളും
ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ചിത്രരചനാ മത്സരം 2026 ജൂലൈ 26-ന് (ഞായറാഴ്ച) രാവിലെ 9 മണി മുതൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുന്ന മത്സരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് ₹3,000, രണ്ടാം സ്ഥാനം നേടുന്നവർക്ക് ₹2,000, മൂന്നാം സ്ഥാനം നേടുന്നവർക്ക് ₹1,000 വീതം ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനമായി നൽകും. കൂടാതെ ഓരോ വിഭാഗത്തിലും പത്ത് വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
മത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് രാവിലെ 9 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് (മുൻ എം.എൽ.എ.) ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഗുരുവായൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രതി ജനാർദ്ദനൻ, സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഡോ. എ. ഹരിനാരായണൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ. പ്രകാശ്, ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ശ്രീ സന്തോഷ് എന്നിവർ ആശംസാ പ്രസംഗം നടത്തും.
മത്സരത്തിൽ വിജയിക്കുന്നവർക്കുള്ള സമ്മാനദാനച്ചടങ്ങ് 2026 ഓഗസ്റ്റ് 9-ന് (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് ഗുരുവായൂരിലെ രുഗ്മണി റീജൻസിയിൽ നടക്കും. ചടങ്ങിൽ വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
കലാപ്രതിഭകളെ കണ്ടെത്തുകയും വിദ്യാർത്ഥികളിൽ സർഗാത്മകതയും ചിത്രകലാപ്രതിഭയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യ ഗുരുവായൂർ ഈ സംസ്ഥാനതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സംഘാടകർ സ്വാഗതം അറിയിച്ചു.
