ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബറിനും നാട്ടിക എംഎൽഎ ഗീത ഗോപിക്കും ആദരം; വികസനം, ദേവസ്വം മാസ്റ്റർ പ്ലാൻ, പരിസ്ഥിതി സംരക്ഷണം എന്നിവ ചർച്ചയായി
ഗുരുവായൂർ: ഗുരുവായൂരിന്റെ സമഗ്ര വികസനത്തിനും ജനപ്രതിനിധികളുമായുള്ള സഹകരണത്തിനും കൂടുതൽ കരുത്തേകുന്ന തരത്തിൽ ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ ഗുരുവായൂരുമായി ബന്ധപ്പെട്ട ജനപ്രതിനിധികൾക്ക് പൗരസ്വീകരണം സംഘടിപ്പിച്ചു. ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബറിനും നാട്ടിക എംഎൽഎ ഗീത ഗോപിക്കുമാണ് ചടങ്ങിൽ ആദരം നൽകിയത്.
ഗുരുവായൂർ ഹോട്ടൽ എലൈറ്റിൽ നടന്ന സമ്മേളനത്തിൽ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ജ്യോതിരാജ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ്, ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി അഡ്വ. രവി ചങ്കത്ത്, വൈസ് പ്രസിഡന്റ് കെ.പി.എ. റഷീദ്, ഓഡിറ്റർ അഡ്വ. സെബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഗുരുവായൂരിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന പതിനഞ്ചോളം സംഘടനകളുടെ നേതൃത്വത്തിൽ ഇരുവരായ എംഎൽഎമാരെയും പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. ചടങ്ങ് ഗുരുവായൂരിന്റെ വികസനകാര്യങ്ങളിൽ ജനപ്രതിനിധികളും വ്യാപാര സമൂഹവും കൈകോർക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതായി മാറി.
പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് കാസർഗോഡ് സ്വദേശിയും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ദിവാകരൻ കടിഞ്ഞുമൂല ചടങ്ങിനെത്തിയ എല്ലാവർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഇതിനകം മൂന്നര ലക്ഷത്തിലധികം വൃക്ഷത്തൈകൾ ജനങ്ങളിലെത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങളെ എംഎൽഎമാർ പ്രത്യേകം ആദരിക്കുകയും പ്രശംസിക്കുകയും ചെയ്തു.
മറുപടി പ്രസംഗത്തിൽ ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ വികസന പ്രവർത്തനങ്ങളുടെ യാഥാർഥ്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തിൽ ഓരോ മണ്ഡലത്തിലും ഒന്നിലധികം എംഎൽഎമാർ ആവശ്യമായ അവസ്ഥയാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയിൽ ഭരണപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്വങ്ങളുണ്ടെന്നും, അതോടൊപ്പം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും ഒരുപോലെ സമയം കണ്ടെത്തേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“വികസന നായകനായി അറിയപ്പെടാനാണ് എല്ലാവർക്കും ആഗ്രഹം. എന്നാൽ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടികൾ ആരംഭിക്കുമ്പോൾ പലപ്പോഴും അതേ പദ്ധതികൾക്കെതിരെ പ്രതിഷേധങ്ങളും ഉയരാറുണ്ട്. വികസനത്തിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണ്,” എന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.ഗുരുവായൂർ ദേവസ്വത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാസ്റ്റർ പ്ലാൻ നിലവിൽ വന്നതിന് ശേഷമേ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടിക എംഎൽഎ ഗീത ഗോപി തന്റെ മറുപടി പ്രസംഗത്തിൽ, തന്നെ വളർത്തുകയും പൊതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത ഗുരുവായൂരിനുവേണ്ടി എന്നും പ്രവർത്തിക്കുമെന്ന് പറഞ്ഞു. ഗുരുവായൂരിലെ വികസന പ്രവർത്തനങ്ങളിൽ ചേമ്പർ ഓഫ് കോമേഴ്സിന്റെ സജീവ ഇടപെടലും പിന്തുണയും എടുത്തുപറയേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു.
ജനപ്രതിനിധികൾ, വ്യാപാര സമൂഹം, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ ഒരേ വേദിയിൽ ഒന്നിച്ച ഈ പൗരസ്വീകരണ ചടങ്ങ് ഗുരുവായൂരിന്റെ ഭാവി വികസനത്തിന് കൂട്ടായ പ്രവർത്തനത്തിന്റെ സന്ദേശം പകർന്ന ശ്രദ്ധേയമായ സംഗമമായി.
