the digital signature of the temple city

62 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുന്നു

ഗുരുവായൂർ ദേവസ്വത്തിന്റെ പൗരാണിക തലക്കോട്ടുകര മഹാദേവക്ഷേത്രത്തിൽ ഇന്ന് മുതൽ പുനഃപ്രതിഷ്ഠയും കർപ്പൂരാദി നവീകരണകലശവും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള അതിപുരാതനമായ തലക്കോട്ടുകര മഹാദേവക്ഷേത്രം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുകയാണ്. 1964-ൽ നടന്ന നവീകരണകലശത്തിന് ശേഷം 62 വർഷങ്ങൾ പിന്നിടുമ്പോൾ, സമ്പൂർണ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ക്ഷേത്രത്തിൽ 2026 ജൂലൈ 8 മുതൽ 18 വരെ പുനഃപ്രതിഷ്ഠയും കർപ്പൂരാദി നവീകരണകലശവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.

ഏകദേശം 48.90 ലക്ഷം രൂപ ചെലവിൽ നടക്കുന്ന കലശമഹോത്സവത്തിന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ അംഗീകാരമുണ്ട്. ക്ഷേത്രതന്ത്രി കരകന്നൂർ വടക്കേടത്ത് നാരായണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ചടങ്ങുകൾ പത്ത് ദിവസത്തിലേറെ നീളുന്ന വിശേഷ പൂജകൾക്കും വൈദിക കർമ്മങ്ങൾക്കും വേദിയാകും.

ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ അകലെയുള്ള ഈ പൗരാണിക മഹാദേവക്ഷേത്രത്തിന് അപൂർവമായ പ്രത്യേകതകളാണുള്ളത്. ക്ഷേത്രത്തിൽ രണ്ട് ശ്രീകോവിലുകൾ നിലനിൽക്കുന്നു. ഒന്നിൽ സ്വയംഭൂ ശിവലിംഗവും മറ്റൊന്നിൽ പ്രതിഷ്ഠിത ശിവലിംഗവുമാണ് ആരാധനാമൂർത്തികൾ. കൂടാതെ നരസിംഹമൂർത്തി സങ്കൽപ്പത്തിലുള്ള മഹാവിഷ്ണു, ഗണപതി, ഭഗവതി, ശാസ്താവ് തുടങ്ങിയ ഉപദേവതകളുടെയും പ്രതിഷ്ഠകളുണ്ട്.

1905-ലെ കൊച്ചി മഹാരാജാവിന്റെ തിട്ടൂരത്തിൽ ക്ഷേത്രത്തിന്റെ ചരിത്രം

തലക്കോട്ടുകര മഹാദേവക്ഷേത്രത്തിന്റെ ചരിത്രമഹിമ തെളിയിക്കുന്ന സുപ്രധാന രേഖകളാണ് ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട പഴയ സാമൂതിരി രേഖകളിലുള്ളത്. 1905 നവംബർ 22-ന് കൊച്ചി മഹാരാജാവിന്റെ തിട്ടൂരവിളംബരപ്രകാരം ക്ഷേത്രത്തിന്റെ വസ്തുവകകൾക്ക് നികുതിയിളവും ദേവസ്വത്തിന്റെ വൃത്തിമാന്യാവകാശവും അംഗീകരിച്ചുകൊണ്ട് ദിവാന്റെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വസ്തുവകകൾ അന്യാധീനപ്പെടുത്താൻ പാടില്ലെന്നും, വർഷംതോറും സർക്കാരിലേക്ക് തിരുമുൽക്കാഴ്ച നൽകണമെന്നും രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ഈ രേഖകൾ തലക്കോട്ടുകര ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തിനും ഭരണസംവിധാനത്തിനും തെളിവാണ്.

ഒരു നേരം പൂജയിൽ നിന്ന് രണ്ട് നേരം പൂജയിലേക്ക്

ഒരുകാലത്ത് ഈ ക്ഷേത്രത്തിൽ ദിവസത്തിൽ ഒരു നേരം മാത്രം പൂജയായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാരുടെയും ദേവസ്വം മാനേജരായ കെ.വി. മാധവൻ നായർ നൽകിയ ഹർജിയുടെയും അടിസ്ഥാനത്തിൽ 1937 നവംബർ 16 മുതൽ വൈകുന്നേര പൂജയ്ക്കും സാമൂതിരിയുടെ അനുമതി ലഭിച്ചു. അതോടെയാണ് ക്ഷേത്രത്തിൽ രണ്ട് നേരം പൂജ ആരംഭിച്ചത്.

കാര്യസ്ഥന്റെ ശമ്പളവും ചരിത്രത്തിന്റെ ഭാഗം

സാമൂതിരി ഭരണകാലത്ത് ക്ഷേത്രകാര്യങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക കാര്യസ്ഥനെ നിയമിച്ചിരുന്നു. ആദ്യം പ്രതിമാസം അഞ്ച് രൂപയായിരുന്നു പ്രതിഫലം. പിന്നീട് 1111 കന്നി 4-ലെ തിട്ടൂരം പ്രകാരം അത് 15 കാശും അഞ്ച് പറ നെല്ലും എന്ന രീതിയിലേക്ക് മാറ്റി വർധിപ്പിച്ചു. ക്ഷേത്രഭരണത്തിന്റെ പഴയ രീതികളും സാമ്പത്തിക സംവിധാനവും വ്യക്തമാക്കുന്ന രേഖകളാണിവ.

1953 മുതൽ മലർനിവേദ്യം

അഷ്ടമംഗല ദേവപ്രശ്നത്തിന്റെ നിർദേശപ്രകാരം 1953 ഡിസംബർ 17 മുതൽ മഹാദേവന് നിത്യ മലർനിവേദ്യം ആരംഭിച്ചു. ഇതിന് ആവശ്യമായ നെല്ല്, കദളിപ്പഴം, ശർക്കര എന്നിവയ്ക്കുള്ള ചെലവിനായി പ്രതിമാസം രണ്ട് കാശ് വീതം അനുവദിക്കാൻ സാമൂതിരിയുടെ തിട്ടൂരം പുറപ്പെടുവിച്ചിരുന്നു.

1964-ലെ നവീകരണകലശം ചരിത്രത്തിലെ വഴിത്തിരിവ്

1964-ൽ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിൽ മഹാദേവനോടൊപ്പം വിഷ്ണു, ഭഗവതി, അയ്യപ്പൻ എന്നിവരുടെ ഉപദേവതാ പ്രതിഷ്ഠകൾ സ്ഥാപിച്ചത്. തുടർന്ന് കരകന്നൂർ വടക്കേടത്ത് വലിയ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവീകരണകലശം നടന്നു. കലശാനന്തരം രണ്ട് ശിവക്ഷേത്രങ്ങളിലും രാവിലെയും വൈകുന്നേരവും നിവേദ്യവും പൂജയും നടത്തുന്നതിനും ഉപദേവതകൾക്ക് പ്രത്യേക നിവേദ്യങ്ങൾ ഏർപ്പെടുത്തുന്നതിനും ഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയ ചടങ്ങുകൾ സ്ഥിരമായി നടത്തുന്നതിനും തീരുമാനമെടുത്തു.

1966-ൽ മേൽപ്പുര പുതുക്കിപ്പണിതു

1966-ൽ ക്ഷേത്രത്തിൽ മേൽപ്പുര പൊളിച്ച് പുതുക്കിപ്പണിയുകയും പ്രാസാദശുദ്ധിയും പ്രതിഷ്ഠാദിനാഘോഷവും നടത്തുകയും ചെയ്തു. ഇതിനായി 486 രൂപ 53 പൈസയും 27 പറ 7 നാരായം 2 നാഴി നെല്ലും ചെലവഴിക്കാൻ സാമൂതിരിപ്പാടിന്റെ ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു. ആ കാലഘട്ടത്തിലെ ഭരണരേഖകൾ ഇന്നും ദേവസ്വത്തിന്റെ ചരിത്രസാക്ഷ്യങ്ങളായി നിലകൊള്ളുന്നു.

പുതിയ അധ്യായത്തിലേക്ക് തലക്കോട്ടുകര മഹാദേവക്ഷേത്രം

1964-ലെ നവീകരണകലശത്തിന് ശേഷം 62 വർഷങ്ങൾ പിന്നിടുമ്പോൾ, അതിവിപുലമായ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തലക്കോട്ടുകര മഹാദേവക്ഷേത്രം വീണ്ടും ഭക്തർക്കായി നവരൂപത്തിൽ തുറക്കുകയാണ്. കർപ്പൂരാദി നവീകരണകലശവും പുനഃപ്രതിഷ്ഠയും ക്ഷേത്രചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും പ്രതീക്ഷിക്കുന്നു.

തയ്യാറാക്കിയത്: രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts