വിദ്യാഭ്യാസം, ആരോഗ്യരംഗം, പൊതുസേവനം, അന്തർദേശീയ നേട്ടങ്ങൾ—മികവിന്റെ വിവിധ മേഖലകളിൽ തിളങ്ങിയവർക്ക് ആദരം: പ്രതിഭകളെ കണ്ടെത്തി ആദരിച്ച് മുല്ലത്തറ റസിഡൻസ് അസോസിയേഷൻ
ഗുരുവായൂർ: മുല്ലത്തറ റസിഡൻസ് അസോസിയേഷൻ (MRA)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ആദരണീയം–2026’ പരിപാടി ശ്രദ്ധേയമായി. വിദ്യാഭ്യാസം, ആരോഗ്യരംഗം, ഗവേഷണം, പൊതുസേവനം, അന്തർദേശീയ തലത്തിലെ നേട്ടങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അബാക്കസ് ദേശീയ-സംസ്ഥാനതല മത്സരങ്ങളിൽ റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.നേത്രശസ്ത്രക്രിയ രംഗത്ത് ആയിരത്തിലധികം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോ. എ. സി. രഘു, യുകെയിലെ ഈസ്റ്റ് ഫിഞ്ച്ലി പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച അജിത് ദാസ് എം. മേനോൻ, മുഖ്യമന്ത്രിയുടെ റിസർച്ച് സ്കോളർഷിപ്പ് നേടിയ ശ്രീലക്ഷ്മി കെ എന്നിവരെയും ചടങ്ങിൽ ആദരിച്ച് ഉപഹാരങ്ങൾ സമ്മാനിച്ചു.
നഗരസഭ കൗൺസിലർ വി. എസ്. നവനീത് പരിപാടി ഉദ്ഘാടനം ചെയ്തു. എം.ആർ.എ പ്രസിഡന്റ് ശ്രുതി വിനോദ് അധ്യക്ഷത വഹിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. സാജൻ ലഹരിവിരുദ്ധ സന്ദേശം നൽകി. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവജനങ്ങളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ സുഷ ബാബു, എ. വി. ഉണ്ണികൃഷ്ണൻ, അസോസിയേഷൻ ഭാരവാഹികളായ ആർ. രവികുമാർ, കെ. കെ. ഗോവിന്ദദാസ്, എം. ശശികുമാർ, ബബിത ശ്രീനിവാസൻ, കെ. വൽസലൻ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ മികവിനും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രോത്സാഹനം നൽകുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് മികച്ച മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിലൂടെ പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് മുല്ലത്തറ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
