the digital signature of the temple city

അരനൂറ്റാണ്ടിലെ അത്ഭുതവളർച്ച; ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് 3.86 ലക്ഷത്തിൽ നിന്ന് 8.50 കോടിയിലേക്ക്

1976-ലെ ചരിത്രനിമിഷത്തിന് സുവർണജൂബിലി; കനറാ ബാങ്കിന്റെ ഭണ്ഡാരം കൗണ്ടിങ് സേവനത്തിനും 50 വർഷം

ഗുരുവായൂർ: വിശ്വാസത്തിന്റെയും ഭക്തിയുടെയും അളവുകോലായി മാറിയ ഗുരുവായൂരപ്പന്റെ ഭണ്ഡാരവരവ് അരനൂറ്റാണ്ടിനിടെ കൈവരിച്ച വളർച്ച ചരിത്രത്തിന്റെ താളുകളിൽ ശ്രദ്ധേയമാകുകയാണ്. 1976 ജൂൺ മാസത്തിൽ ഗുരുവായൂരപ്പന്റെ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 3,86,859 രൂപ 63 പൈസ മാത്രമായിരുന്നു. എന്നാൽ 2026 ജൂൺ മാസത്തെ ഭണ്ഡാരം ജൂൺ 22-ന് വൈകിട്ടോടെ എണ്ണി പൂർത്തിയാക്കിയപ്പോൾ ലഭിച്ചത് 8.50 കോടി രൂപ. ഭക്തരുടെ എണ്ണത്തിലും കാണിക്കയിലും ഉണ്ടായ അഭൂതപൂർവമായ വർധനവിന്റെ തെളിവാണ് ഈ നേട്ടം.

ഈ വർഷം മറ്റൊരു പ്രത്യേകതയും ചരിത്രത്തെ ഓർമ്മിപ്പിക്കുന്നതാണ്. 1976 ജൂൺ മാസത്തിൽ തൃശൂർ ജില്ലാ കളക്ടറായിരുന്ന കെ.എസ്. നായർ ഐ.എ.എസ്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചപ്പോൾ നടന്ന ഭണ്ഡാരം കൗണ്ടിങ്ങിന് സാക്ഷ്യം വഹിച്ചു. അതേപോലെ 2026 ജൂൺ മാസത്തിൽ തൃശൂർ ജില്ലാ കളക്ടറും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുമായ ശിഖാ സുരേന്ദ്രൻ ഐ.എ.എസ്.-ന്റെ പ്രത്യേക സാന്നിധ്യത്തിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭണ്ഡാരവരവുകളിൽ ഒന്നായ 8.50 കോടി രൂപയുടെ കൗണ്ടിങ് പൂർത്തിയായത്.

1976 ജൂൺ മാസമാണ് ഗുരുവായൂരപ്പന്റെ ഭണ്ഡാരം എണ്ണുന്ന ചുമതല ആദ്യമായി കനറാ ബാങ്കിന് ലഭിച്ചത്. ആ സേവനത്തിന് ഇന്ന് അമ്പത് വർഷം പൂർത്തിയായിരിക്കുകയാണ്. സുവർണജൂബിലി വർഷത്തിൽ തന്നെ ഭണ്ഡാരവരവ് റെക്കോർഡ് തുകയിൽ എത്തിയത് യാദൃശ്ചികമായെങ്കിലും ചരിത്രപരമായ സംഭവമായി വിലയിരുത്തപ്പെടുന്നു.

അന്ന് സാമൂതിരിരാജ ചെയർമാനായിരുന്ന ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു ഭണ്ഡാരം കൗണ്ടിങ് നടന്നത്. ഇന്ന് ചെയർമാൻ കെ.വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ മേൽനോട്ടത്തിലും, അഡ്മിനിസ്ട്രേറ്ററായ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രന്റെ സാന്നിധ്യത്തിലും, ഭക്തജന പ്രതിനിധികളുടെ നിരീക്ഷണത്തിലും, കനറാ ബാങ്ക് ഉദ്യോഗസ്ഥരുടെയും ദേവസ്വം ജീവനക്കാരുടെയും സഹകരണത്തോടെയുമാണ് ഭണ്ഡാരം എണ്ണുന്നത്.

രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെ ഗുരുവായൂർ ക്ഷേത്രമതിൽക്കകത്തെ ഊട്ടുപുരയിലാണ് കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയും നിബന്ധനകളോടെയും ഭണ്ഡാരം തുറന്ന് എണ്ണുന്നത്. ദേവസ്വം ജീവനക്കാരും, ദേവസ്വം പെൻഷനേഴ്സ് അസോസിയേഷനിലെ പരിചയസമ്പന്നരായ അംഗങ്ങളും, ഗുരുവായൂർ കനറാ ബാങ്കിലെയും മറ്റ് ശാഖകളിലെയും ബാങ്ക് ജീവനക്കാരും ഭക്തിപൂർവമായ ആത്മസമർപ്പണത്തോടെയാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്.

1971 മാർച്ച് 9-ന് ഗുരുവായൂർ ക്ഷേത്രഭരണം സർക്കാർ നിയമപ്രകാരം ജനകീയ ഭരണസമിതിയുടെ നിയന്ത്രണത്തിലായതോടെ ഭണ്ഡാരം എണ്ണുന്ന രീതിയിലും മാറ്റങ്ങൾ വന്നു. മുമ്പ് വർഷത്തിൽ നാലു തവണ മാത്രമായിരുന്ന ഭണ്ഡാരം തുറക്കൽ പിന്നീട് രണ്ടുമാസത്തിലൊരിക്കലായി. ഭക്തരുടെ എണ്ണവും കാണിക്കയും ഗണ്യമായി വർധിച്ചതോടെ ഇന്ന് എല്ലാ മാസവും ഭണ്ഡാരം തുറന്ന് എണ്ണുന്ന സംവിധാനമാണ് നിലവിലുള്ളത്.

കാലത്തിനനുസരിച്ച് ഭണ്ഡാരത്തിലെ നാണയങ്ങളിലും നോട്ടുകളിലും വലിയ മാറ്റങ്ങളുണ്ടായി. ഒരിക്കൽ ഓട്ടമുക്കാൽ, നയാപൈസ, ഒരു പൈസ, രണ്ട്, മൂന്ന്, അഞ്ച്, പത്ത്, ഇരുപത്തിയഞ്ച് പൈസ നാണയങ്ങൾ നിറഞ്ഞിരുന്ന ഭണ്ഡാരത്തിൽ ഇന്ന് അവ ചരിത്രത്തിന്റെ ഭാഗമാണ്. ആയിരം രൂപയുടെയും പഴയ അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ പിൻവലിക്കപ്പെട്ടു. രണ്ടായിരം രൂപ നോട്ടും പ്രചാരത്തിൽനിന്ന് മാറി. എന്നാൽ പുതിയ രൂപഭാവത്തിലുള്ള 500 രൂപ നോട്ടുകളും മറ്റ് നാണയങ്ങളും ഇന്ന് ഭണ്ഡാരത്തിന്റെ പ്രധാന ഭാഗമാണ്. കാലം മാറിയെങ്കിലും ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ ആത്മസമർപ്പണത്തിന് മാറ്റമുണ്ടായിട്ടില്ല.

1976-ൽ ഗുരുവായൂർ കിഴക്കേനടയിലെ അമൃത ടൂറിസ്റ്റ് ഹോമിൽ പ്രവർത്തിച്ചിരുന്ന കനറാ ബാങ്ക് ശാഖയുടെ മാനേജർ രാജഗോപാൽ റാവുവിന്റെ നേതൃത്വത്തിലാണ് ആദ്യമായി ഗുരുവായൂരപ്പന്റെ ഭണ്ഡാരം കൗണ്ടിങ് കനറാ ബാങ്ക് ഏറ്റെടുത്തത്. അന്ന് ലഭിച്ച ഭണ്ഡാരവരവ് 3,86,859 രൂപ 63 പൈസ ആയിരുന്നു. ഇന്ന്, അമ്പത് വർഷങ്ങൾക്ക് ശേഷം, ഗുരുവായൂർ കനറാ ബാങ്ക് സീനിയർ മാനേജർ വിനോദിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ജീവനക്കാരാണ് ദേവസ്വം ജീവനക്കാരോടൊപ്പം അതേ ആത്മാർത്ഥതയോടെയും സമർപ്പണബോധത്തോടെയും ഭണ്ഡാരം എണ്ണുന്ന ദൗത്യം നിർവഹിക്കുന്നത്.

ഒരിക്കൽ ലക്ഷങ്ങളിൽ ഒതുങ്ങിയിരുന്ന ഭണ്ഡാരവരവ് ഇന്ന് പ്രതിമാസം കോടികളായി ഉയർന്നത് ഗുരുവായൂരപ്പനോടുള്ള വിശ്വാസത്തിന്റെയും ഭക്തിസാന്ദ്രമായ സമർപ്പണത്തിന്റെയും ജീവിക്കുന്ന ചരിത്രമാണ്. പഴമയുടെ മഹത്വവും പുതുമയുടെ പുരോഗതിയും ഒരുമിച്ച് ചേർത്ത് ഗുരുവായൂരപ്പന്റെ സന്നിധി ഓരോ കാലഘട്ടത്തിലും പുതിയ ചരിത്രം രചിച്ചുകൊണ്ടിരിക്കുകയാണ്.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts