the digital signature of the temple city

ഗുരുവായൂരിൽ വിശ്വാസിയായ എംഎൽഎ വേണമെന്ന് എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ

ഇടതും വലതും ഒരുപോലെ വിമർശിച്ച് എൻഡിഎ സ്ഥാനാർഥി;‘ഗുരുവായൂരപ്പന്റെ നടയിൽ വിശ്വാസം തുറന്ന് പറയാൻ എതിരാളികൾക്ക് ധൈര്യമുണ്ടോ?’ — രാഷ്ട്രീയ വിമർശനവുമായി പ്രചാരണത്തിന് തുടക്കം

- Advertisement - Guruvayoor image

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം മുൻനിർത്തി ശക്തമായ പ്രസ്താവനകളുമായി എൻഡിഎ സ്ഥാനാർഥി അഡ്വ. ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തി. കഴിഞ്ഞ അമ്പത് വർഷമായി ഗുരുവായൂരിൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ക്ഷേത്രവിശ്വാസത്തോട് യോജിച്ച നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, വിശ്വാസിയായ ഒരു ജനപ്രതിനിധി ഈ മണ്ഡലത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിൽ എത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഒരുപോലെ വിമർശിച്ച് ബി. ഗോപാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ എത്തി തുറന്നുപറഞ്ഞ് വിശ്വാസം പ്രഖ്യാപിക്കാൻ നിലവിലെ രാഷ്ട്രീയ എതിരാളികൾക്ക് ധൈര്യമുണ്ടോ എന്ന് ചോദ്യം ചെയ്ത അദ്ദേഹം, തന്റെ സ്ഥാനാർഥിത്വം വിശ്വാസ രാഷ്ട്രീയത്തിന്റെ പ്രതിനിധാനമായി കാണണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ ഇതുവരെ വിശ്വാസിയായ ഒരു എംഎൽഎ ഉണ്ടായിട്ടില്ലെന്നും, ഗുരുവായൂരിന്റെ സാമൂഹിക-ആത്മീയ സ്വഭാവം മനസ്സിലാക്കുന്ന ഒരു ഹിന്ദു ജനപ്രതിനിധി നിയമസഭയിലെത്തേണ്ട സമയം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കാനായിരുന്നു ആദ്യം ആഗ്രഹമെങ്കിലും ഗുരുവായൂരപ്പന്റെ പുണ്യഭൂമിയിലേക്കുള്ള മാറ്റം ഒരു നിയോഗമായി കാണുന്നുവെന്നും, അത് രാഷ്ട്രീയ നിയോഗത്തേക്കാൾ ആത്മീയ ബാധ്യതയായി കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആഗ്രഹിച്ചത് കൊടുങ്ങല്ലൂരിന്റെ കാവിമണ്ണ്; നിയോഗം ലഭിച്ചത് ഗുരുവായൂരിന്റെ പുണ്യഭൂമിയിലേക്ക്” എന്ന പരാമർശത്തിലൂടെ തന്റെ സ്ഥാനാർഥിത്വത്തിന് പ്രത്യേകമായ ആത്മീയ ഭാവം നൽകാനും ബി. ഗോപാലകൃഷ്ണൻ ശ്രമിച്ചു. വികസിത ഗുരുവായൂരിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും, മത-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഗുരുവായൂരിൽ എത്തിയ ബി. ഗോപാലകൃഷ്ണന് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഉഷ്മള സ്വീകരണമാണ് ലഭിച്ചത്. സ്വീകരണ സമ്മേളനം ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എൻഡിഎ നിയോജകമണ്ഡലം കൺവീനർ ദയാനന്ദൻ മാമ്പുള്ളി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നിയോജകമണ്ഡലം ഇൻചാർജ് അനീഷ് ഇയ്യാൽ, ജില്ലാ ഭാരവാഹികളായ കെ.ആർ. ബൈജു, രാജൻ തറയിൽ, സുഭാഷ് മണ്ണാരത്ത്, മണ്ഡലം നേതാക്കളായ അനിൽ മഞ്ചറമ്പത്ത്, വർഷ മണികണ്ഠൻ, വാസുദേവൻ മാസ്റ്റർ, മീഡിയ-സോഷ്യൽ മീഡിയ കൺവീനർമാരായ രമേഷ് ചേമ്പിൽ, ജിഷ്ണു വിജയൻ, മഹേഷ് തിരുത്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

സ്വീകരണത്തിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ ബി. ഗോപാലകൃഷ്ണൻ സ്ഥാനാർഥി പര്യടനത്തിനും ഔദ്യോഗികമായി തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം തന്നെ വിശ്വാസപരമായ രാഷ്ട്രീയ സന്ദേശങ്ങളിലൂടെ ശക്തമാക്കാനാണ് എൻഡിഎ ശ്രമിക്കുന്നതെന്ന വിലയിരുത്തലും ഉയരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts