ആദ്യമേ പറയട്ടെ, ഈ വീഡിയോ ഒരിക്കലും മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നില്ല. ഈയിടെ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തെ പറ്റിയുള്ള ഒരു അപഗ്രഥനം മാത്രമാണിത് ( Alex.V. Chacko Vs State ).
വിധി ന്യായത്തിൽ ‘അതിഥി ദേവോ ഭവ’യിൽ വിശ്വസിക്കുന്ന നമ്മൾ വീട്ടിലെത്തുന്ന അതിഥിക്ക് ഒരു ഗ്ലാസ് മദ്യം നൽകിയാൽ പോലും മദ്യ വില്പനയാകുമെന്ന സർക്കാർ വാദം ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. 100 രൂപ വില വരുന്ന ഒരു ഗ്ലാസ് വൈൻ വിൽക്കാൻ 50000 /- രൂപ കൊടുത്ത് ലൈസൻസ് എടുക്കണമെന്ന് പറയുന്നത് യുക്തി സഹമല്ല.
വ്യക്തിക്ക് കൈവശം വെക്കാവുന്ന അളവിൽ കൂടരുതെന്നും വില്പന പാടില്ലെന്നും പൊതുസ്ഥാലത്ത് അരുതെന്നുമുള്ള വ്യവസ്ഥകൾ സർക്കാർ ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു. തുടർന്ന് വീടുകളിലെ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ ലൈസൻസ് ആവശ്യമില്ലെന്ന് ഹൈക്കോടതി വിധി ന്യായം പുറപ്പെടുവിച്ചു.
വീടും അനുബന്ധ പന്തലും പൊതു സ്‌ഥലമായി കാണാനാവില്ല. വീട്ടുപരിസരങ്ങളിൽ സ്വകാര്യ ചടങ്ങുകൾക്കു മദ്യം വിളമ്പാൻ ലൈസൻസ് വ്യവസ്‌ഥ ബാധകമല്ല, സർക്കാർ പറയുന്നത് അംഗീകരിച്ചാൽ ഓരോ വ്യക്‌തിയും വീട്ടിലെത്തുന്ന അതിഥിക്ക് ഒരു ഗ്ലാസ് വൈൻ നൽകാൻ ലൈസൻസ് നേടി കണക്കു സൂക്ഷിക്കേണ്ടിവരും.
കുടുംബപരമായ ചടങ്ങുകളിൽ മദ്യം വിൽക്കില്ല. അതിഥികൾക്കു മദ്യം വിളമ്പുന്നത് സമ്മാനമോ ആ നിലയ്ക്കു വിൽപനയോ ആവില്ല.
അനിയന്ത്രിതമായ മദ്യ ഉപയോഗം സാമൂഹിക വിപത്തായി മാറുമെന്ന ഭീതി സർക്കാരിനുണ്ട്. എന്നാൽ, ദുരൂപയോഗം തടയാനുള്ള വേണ്ടത്ര മാർഗങ്ങൾ സർക്കാരിനുണ്ട്. ഒരാൾക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിനു പരിധി വച്ചിട്ടുള്ളതും പൊതുസ്‌ഥലത്ത് അരുതെന്നും മറ്റു വ്യവസ്‌ഥകൾ അതിനാണ്.
വീടുകളിലെ സ്വകാര്യചടങ്ങുകളിൽ ലൈസൻസില്ലാതെ വിളമ്പാവുന്ന മദ്യത്തിന്റെ അളവ് ആതിഥേയന്റെ വീട്ടിലെ പ്രായപൂർത്തിയായ സ്‌ഥിരാംഗങ്ങളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധിയാണ്. മാത്രമല്ല, വീട്ടുപരിസരങ്ങളി ലല്ലാതെ ഹാളിലും മറ്റും നടക്കുന്ന ചടങ്ങുകൾക്ക് ഹൈക്കോടതി വിധി ബാധകമാവില്ല. ഹാൾ ആകുമ്പോൾ അബ്‌കാരി നിയമത്തിലെ 15 (സി) വകുപ്പനുസരിച്ചു പൊതു സ്ഥലത്തു മദ്യപാനത്തിനുള്ള നിരോധനം ബാധകമാകും
2012 ഫെബ്രുവരി 14 ലെ ഉത്തരവ് പ്രകാരം പ്രായപൂർത്തിയായ ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് (ലീറ്ററിൽ) കള്ള് ഒന്നര, വിദേശ നിർമിത വിദേശ മദ്യം-രണ്ടര, ഇന്ത്യൻ നിർമിത വിദേശ മദ്യം മൂന്ന്, ബിയർ – മൂന്നര, വൈൻ മൂന്നര, കോകോബ്രാണ്ടി ഒന്ന് എന്നിങ്ങനെയാണ്.
കുടുംബ ചടങ്ങുകളിൽ മദ്യം വിളമ്പാൻ തടസ്സമാകും വിധം വിടോ അനുബന്ധ പന്തലോ ‘പൊതുസ്ഥലം’ ആയി കണക്കാക്കാമോ അതിഥികൾക്കു വിളമ്പുന്നതു വിൽപനയാണോ തുടങ്ങിയ നിയമപ്രശ്‌ങ്ങളാണു കോടതി പരിശോധിച്ചത്.