ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്കായി ക്യൂ കോംപ്ലക്സ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഗുരുവായൂരിലെത്തുന്ന ഭക്ത ജനങ്ങൾക്ക് മണിക്കൂറുകളോളം ക്യൂ നിന്നു കൊണ്ട് വേണം ശ്രീ ഗുരുവായൂരപ്പനെ ദർശിക്കുവാൻ. ഭക്തജന തിരക്കുള്ള ദിവസങ്ങളിൽ നിലവിലെ ക്യൂ നിൽക്കുന്നതിനുള്ള ഷെഡ് നിറഞ്ഞ് ഭക്ത ജനങ്ങളുടെ നീണ്ട നിര തെക്കെ നടയിലേയ്ക്കും, മഴയും വെയിലുമേറ്റ് റോഡിലൂടെ പടിഞ്ഞാറെ നടവരെ നീളുന്നത് സാധാരണ കാഴ്ചയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഈ ആവശ്യം ഉന്നയിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയന് നിവേദനം നൽകിയതിനു പിന്നാലെയാണ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ മുഖേന മുഖ്യമന്ത്രി പിണറായ് വിജയന് നിവേദനം നൽകിയത്.
ക്ലോക്ക് റൂം, ടോയ്ലറ്റ്, വഴിപാട് ശീട്ടാക്കൽ, ലഘുഭക്ഷണശാലകൾ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ക്യൂ കോംപ്ലക്സ് നിർമ്മിക്കുന്നതിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അടിയന്തിരമായി തീരുമാനമെടുക്കണമെന്ന് ഗുരുവായൂർ മർച്ചൻറ് അസോസിയേഷനു വേണ്ടി പ്രസിഡൻ്റ് ടി എൻ മുരളി, ലോഡ്ജ് ഓണേർന്ന് അസോസിയേഷൻ പ്രസിഡൻ്റ് ജി കെ പ്രകാശൻ, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റിന് മുഹമ്മദ് യാസിൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് സി ഡി ജോൺസൺ, ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് ബാലൻ വാറണാട്ട്, പൈതൃകം ഗുരുവായൂരിനുവേണ്ടി അഡ്വ രവി ചങ്കത്ത്, ദൃശ്യ ഗുരുവായൂരിന് വേണ്ടി കെ കെ ഗോവിന്ദദാസ്,, റോട്ടറി ക്ലബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജിന് വേണ്ടി പി ഗോപാലകഷ്ണൻ നായർ, എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ പ്രസിഡൻ്റ് പ്രേമാനന്ദൻ പി എസ് എന്നിവർ സംയുക്തമായുള്ള നിവേദനത്തിൽ പറഞ്ഞിരിക്കുന്നത്.