ഗുരുവായൂർ: വായനയിലൂടെ അറിഞ്ഞ ഉണ്ണീരിമുത്തപ്പനും കമ്മളൂട്ടിയും ചോലക്കുളങ്ങര ഭഗവതിയും ആൾരൂപം പൂണ്ട് കാളകളിയുടെ അകമ്പടിയോടെ അരങ്ങിൽ നിറഞ്ഞാടിയപ്പോൾ കുട്ടികളടങ്ങുന്ന സദസിന് തട്ടകവായന വേറിട്ടൊരു വായനാനുഭവമായി.
കോവിലന്റെ നൂറ്റൊന്നാം ജന്മ ദിനത്തോടനുബന്ധിച്ച് കോവിലൻ ട്രസ്റ്റും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വായനോത്സവത്തിലാണ് തട്ടകം ഒന്നാമധ്യായം പുറപ്പാട് എന്ന പേരിൽ നാടകരൂപാന്തരമായി അവതരിപ്പിക്കപ്പെട്ടത്.
വായനോത്സവം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ പി എസ് വിജോയ് അധ്യക്ഷത വഹിച്ചു. ഡോ എ എം റീന , ഡോ ബിജു ബാലകൃഷ്ണൻ, എം കെ ഷംസുദ്ദീൻ, പുഷ്പാകരൻ കണ്ടാണശ്ശേരി, കെ കെ ബക്കർ, പ്രൊഫ എം ചന്ദ്രമണി എന്നിവർ സംസാരിച്ചു.
വി.ആർ അപ്പുമാസ്റ്റർ ഹയർസെക്കൻഡറി സ്കൂൾ തൈക്കാട്,ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം, സെൻറ്. ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ മറ്റം, ഭാരതീയ വിദ്യാവിഹാർ സെൻട്രൽ സ്കൂൾ മഴുവഞ്ചേരി, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂർ എന്നീ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർഥികളും കഥാവായനയിൽ പങ്കെടുത്തു.
സുനിൽ ചൂണ്ടൽ രംഗപാഠവും സംവിധാനവും നിർവഹിച്ച നാടകത്തിൽ കാവീട് അനുപമയിലെ ബാബു കാവീട്, ശശി ആഴ്ചത്ത്, നെർലിൻഷാ എന്നിവർ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു. കണ്ണൻ തുരുത്ത് സാങ്കേതിക സഹായം നിർവഹിച്ചു.