വായുപുരത്തിൽ കളഭച്ചാർത്തിൽ കാണാമിന്നതിസുന്ദരദൃശ്യം
ചെമ്പട്ടാട ഞൊറിഞ്ഞു ധരിച്ചഥ
മുമ്പിൽ കാണ്മൂ കണ്ണനെയാഹാ!
പട്ടിൻകോണമുടുത്തണിഭൂഷകൾ
ചാർത്തിയ രണ്ടുണ്ണികളെക്കണ്ണൻ,
വാത്സല്യത്തൊടു പുഞ്ചിരി തൂകി-
ത്തൃക്കൈകളിലായ് ചേർത്തുലസിപ്പൂ
പൊന്നിൻമകുടം, മലർമാലകളും
കാതിൽപ്പൂവുകൾ, കങ്കണജാലം
പൊന്മണിമാലകൾ, വനമാലകളും
കാണാം കണ്ണനു ഭൂഷകളായി
പൊന്നിൻകിങ്ങിണി മിന്നുന്നരയിൽ
പൊൻതള പാദം മുത്തിലസിപ്പൂ
കോമളരൂപം സ്മരണിയിലെത്താൻ
നാമജപത്തോടടിമലർകൂപ്പാം
വേദനയിൽപ്പെട്ടുഴറുംഭക്തർ-
ക്കാശ്രയമേകും വായുപുരേശൻ
ഭക്തരെയല്ലോ തൃക്കരതാരാ-
ലാശ്ലേഷിപ്പതുമെന്നറിയേണം
നാരായണ ജയ! നാരായണ! ജയ!
വായുപുരേശ്വര! നാരായണ! ജയ
കൃഷ്ണ! ഹരേ! ജയ!കൃഷ്ണ! ഹരേ! ജയ!
വായുപുരേശ്വര!കൃഷ്ണ! ഹരേ! ജയ!
(വൃത്തം: തരംഗിണി)