പക്ഷീന്ദ്രൻ്റെ മേലേയിന്നു പത്നീസമേതനായ് വാഴും
വാതാലയേശനെക്കാണാം കളഭച്ചാർത്തിൽ
തൃക്കരങ്ങളാലേയിരുവശത്തും ഹാ!ദേവിമാരെ
മാറോടങ്ങു ചേർത്തുപിടിച്ചിരിപ്പൂ ചേലായ്
ചെമ്പട്ടുടയാട ചാർത്തി , സ്വർണ്ണഭൂഷ, വന്യമാല
അൻപോടണിഞ്ഞിന്നു കാണ്മൂ വാതാലയേശൻ
പട്ടുചേല , മുലക്കച്ച, ചുറ്റി ദേവിമാരിരിപ്പൂ
പുഷ്ടമോദം താമരപ്പൂ കൈകളിലേന്തി
രുഗ്മിണീദേവിയെ വലംകൈയാൽ ചേർത്തു,മിടംകൈയാൽ
സത്യഭാമാദേവിയേയും ചേർത്തിരിക്കുന്നൂ
സ്വർണ്ണഭൂഷയണിഞ്ഞതാ പുഞ്ചിരിപ്പൂ പൊഴിക്കുന്നൂ
കണ്ണനുമാ,ദേവിമാരും ശ്രീലകത്താഹാ !
ഗൃഹസ്ഥനായ് ഗരുഡൻ്റെമേലേ വന്നു മോദമോടെ
ഭക്തർക്കു ദർശനം നല്കിലസിപ്പു ദേവൻ
തൃക്കടാക്ഷാമൃതം നുകർന്നിന്നു കാല്ക്കൽ വീണുകൂപ്പാം
ഭക്തിപൂർവ്വം നാമമന്ത്രമുരുക്കഴിക്കാം
നാരായണാ കൃഷ്ണാ ! ഹരി!നാരായണാ കൃഷ്ണാ ! ഹരി!
ലക്ഷ്മീപതേ! കൃഷ്ണാ! ഹരി! വാതാലയേശാ!
നാരായണാ കൃഷ്ണാ ! ഹരി! നാരായണാ കൃഷ്ണാ ! ഹരി!
ശ്രീ മാധവാ! കൃഷ്ണാ! ഹരി! വാതാലയേശാ!
( വൃത്തം: നതോന്നത)