പൊന്നോടക്കുഴൽ ചൊടിയിലമർത്തി
കണ്ണൻ വായുപുരേ
ശ്രീരാഗാമൃതധാര പൊഴിപ്പൂ
പോരൂ ! ചെവിയോർക്കാം
പൊന്മകുടം ഹാ! മുടിയിൽ , മേലേ
ചന്തമെഴുംമാല്യം
ഫാലേ ഗോപി, ചെവിക്കഥ പൂക്കൾ
ചേലൊടു മിന്നുന്നൂ
പൊന്നിൻമാലകൾ വനമാലകളും
കണ്ണനു ഭൂഷകളായ്
കൈവള , കിങ്ങിണി, കോണകവും ഹാ!
തോൾവളയും കാണ്മൂ
പൊൻതള ചാർത്തിയ തൃച്ചരണങ്ങൾ
ചന്തമൊടങ്ങു പിണ-
ച്ചുണ്ണി ലസിപ്പൂ, പുഞ്ചിരിതൂകി-
ക്കണ്ണിനു പൊൻകണിയായ്
ദീപപ്രഭയിൽ തെളിയുംരൂപം,
ചിത്തേ ചേർത്തീടാം
താപമൊടുങ്ങാൻ താണുവണങ്ങാം
കാൽത്തളിരിന്നു മുദാ
കൃഷ്ണ! ഹരേ! ജയ!കൃഷ്ണ! ഹരേ! ജയ!
കൃഷ്ണ! തൊഴുന്നു പദം
വായുപുരേശ്വര! ഹേ! മുരളീധര!
പാലയമാം ശൗരേ!
(വൃത്തം: മാധുരി )