ഗുരുവായൂർ: മനസ്സിൻ്റെ സദ് ഭാവനകളെ ഉണർത്തി മാനവനാക്കുക എന്ന ദൗത്യമാണ് വായന നിർവ്വഹിക്കുന്നതെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി. പുതുമയുള്ള ആശയങ്ങളുടെ ഉറവിടങ്ങളാണ് മതഗ്രന്ഥങ്ങളെന്ന് നവ മാധ്യമ എഴുത്തുകാരൻ രാം മോഹൻ പാലിയത്ത്. ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ വായന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. ഗുരുവായൂർ ശ്രീവൽസം അനക്സിലെ കൃഷ്ണ ഗീതി ഹാളിൽ നടന്ന സെമിനാർ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.
താൻ കടന്നു വന്ന വായനയുടെ നാൾവഴികൾ അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസം ആരംഭിച്ച 1940 കളിൽ പാഠപുസ്തകം ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണചരിതം മണിപ്രവാളവും പഞ്ചതന്ത്രം കഥയുമായിരുന്നു ആദ്യം പഠിച്ചത്. ആദ്യം വായിച്ച പാഠപുസ്തകം കരിമ്പുഴ രാമകൃഷ്ണൻ്റെ ചിത്രാവലിയാണ്. ഭാഷയുടെ മേഖലയിലേക്ക് അങ്ങനെയാണ് കടന്നു ചെല്ലാൻ കഴിഞ്ഞത്.പിന്നീട് സാഹിത്യ കൃതികൾ വായിച്ചു. അതോടെ വായന കൂടെ പിറപ്പായി. വായന മനസിൻ്റെ അതിരുകളെ വിപുലമാക്കി. പുതിയ ലോകങ്ങൾ തന്നു. പുതിയ ആശയങ്ങളും .മനുഷ്യനെ സംസ്കാര സമ്പന്നമാക്കുന്നത് വായനകളാണ്.അത് മനസിൻ്റെ സദ്ഭാവനകളെ ഉണർത്തും .സംസ്കാരം വായനയിലൂടെ ഉൽഭവിക്കുന്നു.- രാധാകൃഷ്ണൻ കാക്കശ്ശേരി അഭിപ്രായപ്പെട്ടു.

തുടർന്ന് വിഷയം അവതരിപ്പിച്ച രാംമോഹൻ പാലിയത്ത് എല്ലാവർക്കും എഴുതാൻ കഴിയുന്ന ഇടം നൽകിയെന്നതാണ് സമൂഹ മാധ്യമങ്ങളുടെ പ്രസക്തിയെന്ന് അഭിപ്രായപ്പെട്ടു. ആശയങ്ങളുടെ സംഭരണശാലകളാണ് ഭാഗവതം പോലെയുള്ള ഗ്രന്ഥങ്ങൾ. പല പുതുമയുള്ള ആശയങ്ങളും മത ഗ്രന്ഥങ്ങളിലുണ്ട്. യുട്യൂബും റീൽസ് കാണുന്നതും വീഡിയോ കാണുന്നതുമെല്ലാം വായന തന്നെ. വായന മരിക്കില്ല.- അദ്ദേഹം പറഞ്ഞു.

സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് രാധാകൃഷ്ണൻ കാക്കശ്ശേരി സർട്ടിഫിക്കറ്റുകൾ നൽകി. ചടങ്ങിൽ ഡോ മുരളി പുറനാട്ടുകര സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി മാനേജർ കെ ജി സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. വി പി ഉണ്ണിക്കൃഷ്ണൻ വിഷയ അവതാരകനായ രാം മോഹൻ പാലിയത്തിനെ പരിചയപ്പെടുത്തി. ഡോ മായ എസ് നായർ, ഷാജു പുതൂർ, മുറൽ ഇൻസ്ടിടൂട്ട് പ്രിൻസിറ്റാർ നളിൽകുമാർ, പി ആർ ഒ ബിമൽ നാഥ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.