ന്യൂഡൽഹി: തീവ്രവാദികളെ നേരിടുന്നതിനായി സുരക്ഷാ സേന നടത്തുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകൾക്ക് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐ ആൻഡ് ബി) ബുധനാഴ്ച മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേക്ഷണം 2021ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളുടെ (ഭേദഗതി) ചട്ടങ്ങളുടെ (Cable Television Networks (Amendment) Rules, 2021.) ലംഘനമാണെന്ന് മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങളിൽ പറയുന്നു.
ചില സ്വകാര്യ വാർത്താ ചാനലുകൾ കത്വയിലും ദോഡയിലും നടന്ന രണ്ട് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ “വിപുലമായ ടിവി കവറേജ്” ചില ചാനലുകൾ നൽകിയിരുന്നു. അതിനു ശേഷമാണ് ഈ മുന്നറിയിപ്പ്.
“ഇത്തരം സംപ്രേഷണം 2021-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളുടെ (ഭേദഗതി) റൂൾസ്, ലംഘനമാണ്. അതിനാൽ, ദേശീയ സുരക്ഷയ്‌ക്കും നിരപരാധികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമായി സുരക്ഷാ സേന നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേഷണം ചെയ്യരുതെന്ന് എല്ലാ ടിവി ചാനലുകളോടും നിർദ്ദേശിക്കുന്നു, ”മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങളിൽ പറയുന്നു. എല്ലാ ടിവി ചാനലുകൾക്കും നിയമങ്ങൾ പാലിക്കാൻ ഇതേ നിർദേശം മുൻപും നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
“സുരക്ഷാ സേനയുടെ ഏതെങ്കിലും തീവ്രവാദ വിരുദ്ധ ഓപ്പറേഷന്റെ തത്സമയ കവറേജ് ഉൾക്കൊള്ളുന്ന ഒരു പ്രോഗ്രാമും നൽകരുതെന്ന് ചട്ടം 6 (1) (പി) പറയുന്നു. അത്തരം ഓപ്പറേഷൻ അവസാനിക്കുന്നത് വരെഅതിന്റെ മാധ്യമ കവറേജ് നിയുക്തനായ ഉദ്യോഗസ്ഥൻ നൽകുന്ന ബ്രീഫിംഗിലേക്ക് പരിമിതപ്പെടുത്തണം.,” മന്ത്രാലയത്തിന്റെ നിർദേശത്തിൽ കൂടുതൽ വ്യക്തമാക്കുന്നു.
ജമ്മുവിലെ കത്വ, ദോഡ ജില്ലകളിൽ ഭീകരരുമായുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെടുകയും ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഡ ജില്ലയിൽ, ഭാദേർവ-പത്താൻകോട്ട് റോഡിൽ ചാറ്റർഗല്ലയുടെ മുകൾ ഭാഗത്തുള്ള സംയുക്ത ചെക്ക് പോസ്റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രാഷ്‌ട്രീയ റൈഫിൾസിലെ അഞ്ച് സൈനികർക്കും (എസ്പിഒ) ഒരു പ്രത്യേക പോലീസ് ഓഫീസർക്കും (എസ്പിഒ) പരിക്കേറ്റു.സ്പെഷ്യൽ പോലീസ് ഓഫീസർ ഫരീദ് അഹമ്മദിനാണ് വെടിവെയ്പ്പിൽ പരിക്കേറ്റത്.
മറ്റൊരു സംഭവത്തിൽ, കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ 3 മണിയോടെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാൻ കബീർ ദാസിന് ഗുരുതരമായി പരിക്കേറ്റു.