ന്യൂഡല്‍ഹി ; ലോകത്തിലെ ഏറ്റവും മികച്ചതെന്നു വിശേഷണമുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ പുറത്തിറങ്ങിയിട്ട് 23 വർഷം . 2001 ജൂൺ 12-നാണ് ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണ ഫയറിംഗ് നടത്തിയത് .
ഇന്ത്യയും റഷ്യയും സംയുക്തമായാണ് ഈ മിസൈൽ വികസിപ്പിച്ചത്. കരയില്‍നിന്നും വിമാനത്തില്‍നിന്നും അന്തര്‍വാഹിനികളില്‍നിന്നും ബ്രഹ്മോസ് തൊടുക്കാനാകും. ആയുധങ്ങൾ വിദേശങ്ങളിൽനിന്നു വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ബ്രഹ്മോസിലൂടെ ഈ രീതി മാറ്റാനായി . ചാന്ദിപൂരിലെ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് ആകാശത്തേക്ക് ബ്രഹ്മോസ് കുതിച്ചപ്പോൾ, മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു.
കഴിഞ്ഞ മാസമാണ് ഇന്ത്യ ഫിലിപ്പീൻസിന് ബ്രഹ്മോസ് മിസൈൽ എത്തിച്ചത്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന് 2022ൽ 375 മില്യൺ ഡോളറിന് ഇന്ത്യയും ഫിലിപ്പീൻസും കരാർ ഒപ്പുവച്ചു. ഇന്ത്യൻ ആയുധ സംവിധാനത്തെക്കുറിച്ച് തനിക്ക് വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചതെന്നാണ് ബ്രഹ്മോസ് സിഇഒയും എംഡിയുമായ ഡി. റാണെ പറഞ്ഞത് . ബ്രഹ്മോസ് മിസൈൽ ഇഷ്ടപ്പെടുന്ന രാജ്യങ്ങൾ ആഫ്രിക്കയും തെക്കേ അമേരിക്കയുമാണെന്നും അദ്ദേഹം പറഞ്ഞു.
സായുധ സേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സ്വദേശിവൽക്കരണ ശ്രമങ്ങൾ ത്വരിതപ്പെടുത്തുക, ബ്രഹ്മോസ് മിസൈൽ സംവിധാനത്തിന്റെ കയറ്റുമതി കഴിവുകൾ പര്യവേക്ഷണം ചെയ്യുക, ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്നിവയാണ് ഇന്ന് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. പുതിയ സമീപനവും പുതിയ തന്ത്രങ്ങളും സ്വീകരിച്ചുകൊണ്ട്, 2.5 വർഷത്തിനുള്ളിൽ, ഫിലിപ്പൈൻ സായുധ സേനയിൽ നിന്ന് 375 ദശലക്ഷം യുഎസ് ഡോളറിന്റെ ആദ്യത്തെ മെഗാ എക്‌സ്‌പോർട്ട് ഡിഫൻസ് ഓർഡർ, ഇന്ത്യയ്‌ക്ക് നേടിയെടുക്കാനായി .
ഫിലിപ്പീൻസിനു പിന്നാലെ വിയറ്റ്‌നാമും ഇന്തൊനീഷ്യയും ബ്രഹ്മോസ് വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. 2001ൽ ആദ്യ പരീക്ഷണം നടത്തിയ ബ്രഹ്മോസിന്റെ വിവിധ വേരിയന്റുകൾ നിലവിൽ ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ കൈവശമുണ്ട്.