തൃശൂർ: മുൻ ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന ടികെ ചാത്തുണ്ണി അന്തരിച്ചു. അങ്കമാലി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 7:45 ഓടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്നു.
ഫുട്ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ ഫുട്ബോൾ രംഗത്ത് നിറഞ്ഞുനിന്ന ടികെ ചാത്തുണ്ണി സന്തോഷ് ട്രോഫിയിൽ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ, എഫ്‌സി കൊച്ചിൻ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
കളിക്കാരൻ എന്ന നിലയിൽ 15 വർഷം നീണ്ടതായിരുന്നു ടികെ ചാത്തുണ്ണിയുടെ ഫുട്‌ബോൾ ജീവിതം. ഹൈസ്‌കൂൾ ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിലറിയാതെ ടീമിൽ ചേരാൻ പോയ അദ്ദേഹം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബ്ബുകളുടെ കളിക്കാരനാകുകയായിരുന്നു. കേരള പോലീസ് ടീമിലൂടെ കേരളത്തിലേക്ക് ആദ്യമായി ഫെഡറേഷൻ കപ്പ് കിരീടം എത്തിച്ചത് ടികെ ചാത്തുണ്ണിയാണ്. കേരള പോലീസിനെ രാജ്യത്തെ മികച്ച ടീമാക്കിയതിനു പിന്നിലും ചാത്തുണ്ണിയുടെ പരിശ്രമമുണ്ട്.
കൊൽക്കത്ത, ഗോവ ക്ലബ്ബുകളെ പരിശീലിപ്പിച്ച ശേഷമാണ് ചാത്തുണ്ണി എഫ്സി കൊച്ചിൻ്റെ കോച്ചായി എത്തുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ചാത്തുണ്ണിയുടെ മികവിൽ എഫ്സി കൊച്ചിനും ഇന്ത്യയിലെ ഒന്നാംകിട ക്ലബ്ബുകളിൽ ഒന്നായിമാറി. അതിനുശേഷം ഗോവയിൽ ചർച്ചിൽ ബ്രദേഴ്സിന് പരിശീലനം നൽകി. പിന്നീട് വിവാ കേരളയെ പരിശീലിപ്പിക്കാനായി കേരളത്തിലേക്ക് മടങ്ങി. ഐഎം വിജയൻ, സിവി പാപ്പച്ചൻ തുടങ്ങിവർ ചാത്തുണ്ണിയുടെ ശിഷ്യന്മാരാണ്. മൃതദേഹം അൽപസമയത്തിനകം വീട്ടിലെത്തിക്കും.
അനുശോചിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ടികെ ചാത്തുണ്ണിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുശോചിച്ചു. ഇന്ത്യൻ ഫുട്ബോളിൻ്റെ ചരിത്രം പറയുമ്പോൾ അതിൽ മുൻനിരയിലുണ്ടാകും ടികെ ചാത്തുണ്ണി. കളിക്കാരനായും പരിശീലകനായും നാല് പതിറ്റാണ്ടിലധികം കാലം ടികെ ചാത്തുണ്ണി മൈതാനത്തുണ്ടായിരുന്നു. പരിശീലകനെന്ന നിലയിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ടികെ ചാത്തുണ്ണിയുടെ പേരിലുള്ളതെന്നും വിഡി സതീശൻ അനുസ്മരിച്ചു.
ഐഎം വിജയനും സിവി പാപ്പച്ചനും അടങ്ങുന്ന തലമുറയെ മികവിൻ്റെ ഉയരങ്ങളിൽ എത്തിച്ചതിൽ ടികെ ചാത്തുണ്ണി എന്ന പരിശീലകന് വലിയ പങ്കുണ്ട്. ചാത്തുണ്ണിയുടെ വിയോഗം കായിക രംഗത്തിന് വലിയ നഷ്ട്ടമാണ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.