കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 11 പേര് മലയാളികള്‍. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 49 പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സി. 195 പേര് താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്.
49 പേരില്‍ 21 പേരുടെ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ഇതില്‍ 11 പേര് മലയാളികളാണ്. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍. പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്.
തീപിടുത്തത്തില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ ഇന്ത്യന്‍ സ്ഥാനപതി ആദര് ശ് സൈക്യ സന്ദര്‍ശിച്ചു. മരിച്ചവരെയും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി +965505246 എന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.