അമരാവതി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കൾ ആന്ധ്രയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ എന്നിവർ എന്നിവർ ഇന്നലെ രാത്രിയോടെയാണ് ആന്ധ്രയിലെ ഗന്നവാരം വിമാനത്താവളത്തിലെത്തിയത്. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷ് ഇരുവരെയും സ്വീകരിച്ചു.
രാവിലെ 11.27-നാണ് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനങ്ങൾ ആന്ധ്രയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ മാറ്റിമറിച്ചെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന കഴിഞ്ഞ മൂന്ന് മാസക്കാലം പ്രധാനമന്ത്രി വിശ്രമിച്ചില്ല. എൻഡിഎയുടെ വിജയത്തിൽ പങ്കാളികളായ ഓരോ നേതാക്കളെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 175 സീറ്റുകളിൽ 164-ലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിൽ 21സീറ്റിലും എൻഡിഎ വിജയിച്ചു. ടിഡിപി 16 സീറ്റുകളും ബിജെപി മൂന്ന് സീറ്റുകളും ജനസേന പാർട്ടി രണ്ട് സീറ്റുകളുമാണ് നേടിയത്.
ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടിയും സഖ്യം ചേർന്നാണ് മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ടിഡിപി 135 സീറ്റുകളും ജെഎസ്പി 21 സീറ്റുകളും ബിജെപി എട്ട് സീറ്റുകളും നേടി.