മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് സംവിധായകൻ പ്രിയദർശൻ. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ. മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചതു മുതൽ പ്രിയദർശനെ നാം കാണുന്നത് പാതി കണ്ണ് അടഞ്ഞാണ്. അതിന് പിന്നിൽ ഒരു കഥയുണ്ട്. വലിയൊരു ശതമാനം സിനിമാ പ്രേമികൾക്കും അതിനെപ്പറ്റി അറിയുകയില്ല. ചെറുപ്പ കാലത്ത് പ്രിയദർശൻ ക്രിക്കറ്റിൽ വളരെ താല്പര്യമുള്ള വ്യക്തിയായിരുന്നു. എന്നാൽ, ക്രിക്കറ്റ് കളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന്റെ ഇടതു കണ്ണിന് പരിക്കേൽക്കുന്നത്. ആ സംഭവം പ്രിയദർശൻ ഓർത്തെടുക്കുകയാണ് ജനം ടിവിയുടെ പ്രത്യേക അഭിമുഖമായ ‘സിനിമാവിൻ കൊമ്പത്തി’ലൂടെ.
“കുട്ടിക്കാലത്ത് രണ്ട് പാഷൻ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, ക്രിക്കറ്റ്. മറ്റൊന്ന്, സിനിമ. ക്രിക്കറ്റ് കളിച്ച് നടന്നിരുന്നെങ്കിൽ ഞാൻ എവിടെയും എത്തില്ലായിരുന്നു. എന്നിരുന്നാലും അതിനോട് വല്ലാത്തൊരു ഇഷ്ടമാണ്. കണ്ണിന് അപകടമുണ്ടായത് ക്രിക്കറ്റ് കളിക്കുമ്പോഴാണ്. ഹനീഫക്ക് ഞാനായിരുന്നു അതെന്ന് ഓർമ്മ പോലും കാണില്ല. ഹനീഫയുടെ ഏറുകൊണ്ട് ഒരുപാട് പേര് വീണിട്ടുണ്ട്. ശ്രീശാന്തിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റിൽ വളരെ ഫാസ്റ്റായിട്ട് ബൗൾ ചെയ്തിരുന്ന ഒരു താരമായിരുന്നു ഹനീഫ. പക്ഷേ അദ്ദേഹം ഇരുപതാം വയസ്സിൽ കളി അവസാനിപ്പിച്ചു. ഈ അപകടത്തിന് പ്രധാന കാരണം, അന്നത്തെ കാലത്ത് ഹെൽമെറ്റ് ഇല്ലായിരുന്നു എന്നതാണ്”.
“ഗ്രൗണ്ട് റോള് ചെയ്തിട്ട് മാറ്റ് പിച്ചായിരുന്നു അന്ന് ഉണ്ടായിരുന്നത്. അക്കാലത്ത് അത് കൃത്യമായി ഇട്ടിട്ടുണ്ടാവില്ല. അതിനടിയിൽ ഒരു ചെറിയ കല്ല് മതി നമ്മുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിപ്പോകാൻ. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ബോൾ ബൗൺസ് ചെയ്തു വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. അതും ആ ബോൾ അറിയുന്നത് ഒരു ഫാസ്റ്റ് ബൗളറും. ഞാനൊരു എക്സ്പെർട്ട് പ്ലെയർ അല്ലാത്തതുകൊണ്ടാവാം ഈ അപകടം സംഭവിച്ചത്. എന്നിരുന്നാൽ പോലും ഈ മാറ്റ് പിച്ച് വളരെ അപകടം നിറഞ്ഞതാണ്”.
“എന്തായാലും അന്നുണ്ടായ അപകടം നല്ലൊരു കാര്യമായാണ് ഇന്ന് ഞാൻ കാണുന്നത്. ഞാൻ നല്ലൊരു കളിക്കാരനൊന്നും ആയിരുന്നില്ല. അങ്ങനെയാണ് ക്രിക്കറ്റ് അവസാനിപ്പിച്ച് സിനിമയിലേക്ക് വന്നത്. അന്ന് ഈ കണ്ണിനുണ്ടായ അപകടം ശസ്ത്രക്രിയയിലൂടെ മാറ്റാമായിരുന്നു. പക്ഷേ അച്ഛൻ പറഞ്ഞു, ‘നിന്റെ ജാതകത്തിലുണ്ട് ഒരു അംഗവൈകല്യം. അത് അങ്ങനെ തന്നെ ഇരിക്കട്ടെ’. എനിക്ക് മറ്റ് പ്രശ്നങ്ങളോ, മുഖത്തെ പറ്റി വലിയ ഭയമോ ഒന്നും ഇല്ലാത്തതിനാൽ ഞാനും അത് പ്രശ്നമാക്കിയില്ല”- പ്രിയദർശൻ പറഞ്ഞു.