ആലപ്പുഴ: ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വിവാദത്തിലായ യുട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് അജീവനാന്തം റദ്ദാക്കാൻ തീരുമാനം. ഇതിന്റെ ഔദ്യോഗിക നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് ഉടനെ കടക്കുമെന്നാണ് സൂചന. സജു ടി എസ് എന്നാണ് യുട്യൂബറുടെ യഥാർത്ഥ പേര്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ഇയാളുടെ ലൈസൻസ് അജീവനാന്തം റദ്ദാക്കണമെന്ന തീരുമാനത്തിലെത്തിയെന്നും നടപടികൾ പൂർത്തിയാക്കി ഉടനെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കാറിന്റെ ആർ.സി ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു.
17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. 160 കിലോ മീറ്ററിൽ വാഹനം ഓടിച്ചതിനും മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ്, ആഡംബര വാഹനങ്ങൾ രൂപമാറ്റം വരുത്തി നിരത്തിലിറക്കി തുടങ്ങിയ നിയമലംഘനങ്ങളും സഞ്ജുവിനെതിരെ ചുമത്തിയിട്ടുണ്ട്. തുടരുന്ന നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദാക്കാൻ എംവിഡി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം എം വി ഡി കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 13ന് ഹൈക്കോടതി സഞ്ജുവിനെതിരെ കൂടുതൽ നടപടികൾക്ക് നിർദ്ദേശം നൽകും.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സഞ്ജുവും സുഹൃത്തുക്കളും നിർബന്ധിത സേവനം ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തേക്കാണ് സേവനം. നിയമലംഘനങ്ങളിൽ മോട്ടോർ വാഹനവകുപ്പ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സഞ്ജുവിന്റെ യുട്യൂബ് വീഡിയോകൾ പരിശോധിച്ചാണ് നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.