തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാൻ സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തി എക്സൈസ്. 240 ട്രെയിനുകളിലും 1,370 ബസുകളിലുമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലുമായിരുന്നു പരിശോധന. മെയ് 11-ന് നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
മിന്നൽ പരിശോധനയിൽ 116 കേസുകൾ രജിസ്റ്റർ ചെയ്തു. എൻഡിപിഎസ് കേസുകൾ ഉൾപ്പെടെ 240 കേസുകളും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ 707 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഡിപിഎസ് കേസുകളിൽ വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടികൂടുന്നതിനായി കഴിഞ്ഞ മാസം 18-ന് പ്രത്യേക ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിൽ 58 വാറണ്ട് പ്രതികളെയും ഒളിവിൽ കഴിയുകയായിരുന്ന ഒമ്പത് പ്രതികളെയും പിടികൂടി.
5.5 കിലോ കഞ്ചാവും അഞ്ച് കിലോ പുകയില നിരോധിത ഉത്പന്നങ്ങളും പിടികൂടിയതായി എക്സൈസ് അറിയിച്ചു. 2000-ത്തോളം എക്സൈസ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കാളികളായത്. സ്കൂൾ തുറന്ന സാഹചര്യത്തിൽ ഇനിയും പരിശോധനകൾ നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.