ചെന്നൈ: പറന്നുയരാനൊരുങ്ങിയ വിമാനത്തിൽ പുകവലിച്ച യാത്രക്കാരനെ പുറത്താക്കി പൊലീസിന് കൈമാറി. ഞായറാഴ്ച രാത്രി ചെന്നൈയിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. രാമനാഥപുരം ജില്ലക്കാരനായ അറുമുഖം (30) എന്ന യാത്രക്കാരനാണ് പുകവലിച്ചത്.
വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ അറുമുഖം സീറ്റിൽ പുകവലിക്കുന്നത് ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജീവനക്കാരും മറ്റ് യാത്രക്കാരും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അയാൾ പുകവലി നിർത്തിയില്ല. തുടർന്ന് ജീവനക്കാർ പൈലറ്റിനെ വിവരമറിയിക്കുകയും അദ്ദേഹം ചെന്നൈ വിമാനത്താവള അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.
വിമാനം നിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ കയറുകയും അറുമുഖത്തെ നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹത്തെ ഇറക്കി ചെന്നൈ എയർപോർട്ട് പോലീസിന് കൈമാറി. ഇയാൾക്കെതിരെ വ്യോമയാന നിയമങ്ങൾ ലംഘിച്ചതിനും വിമാനത്തിൽ പുകവലിച്ചതിനും കേസെടുത്തു.
വിമാനത്തിൽ 173 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തുടർന്ന് വിമാനം ഒരു മണിക്കൂർ വൈകി രാത്രി 11.07നാണ് പുറപ്പെട്ടത്. വ്യോമയാന നിയമങ്ങൾ ലംഘിച്ചതിനും വിമാനത്തിൽ പുകവലിച്ചതിനും അദ്ദേഹത്തിനെതിരെ കേസെടുത്തതിനു പിന്നാലെ അറുമുഖത്തിന്റെ മലേഷ്യയിലേക്കുള്ള യാത്ര റദ്ദാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണ് . സംഭവത്തെ തുടർന്ന് വിമാനം ഒരു മണിക്കൂർ വൈകി.