കോട്ടയം : മൂന്നാം നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കല ഓർത്തഡോക്‌സ് സുറിയാനി സഭ. എൻഡിഎ സർക്കാരിന് കേരളത്തോടുള്ള കരുതലിന്റെ ഭാഗമായിട്ടാണ് രണ്ട് കേന്ദ്രമന്ത്രിമാരെ നൽകിയതെന്ന് സഭ വ്യക്തമാക്കി. രാഷ്‌ട്രപുരോഗതിയിലേക്കും വികസന പ്രവർത്തനങ്ങളിലേക്കും രാജ്യത്തെ നയിക്കാൻ നരേന്ദ്രമോദിക്ക് കഴിയട്ടെയെന്നും സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ ആശംസിച്ചു.
”എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനും കഴിയുന്നവരാണ് യഥാർത്ഥ ഭരണാധികാരി. മതേതരത്വമാണ് നമ്മുടെ ഭാരതത്തിന്റെ മുഖമുദ്ര. അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ മൂന്നാം എൻഡിഎ സർക്കാരിന് കഴിയുമെന്ന് സഭ വിശ്വസിക്കുന്നു. സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് നരേന്ദ്രമോദി സർക്കാരിന് കേരളത്തോടുള്ള കരുതലായാണ് മലങ്കര ഓർത്തഡോക്‌സ് സഭ കാണുന്നത്. മോദി സർക്കാരിന്റെ ആദ്യ ഉത്തരവ് കാർഷിക ക്ഷേമത്തിന് വേണ്ടിയിട്ടുള്ളതാണെന്നത് രാജ്യത്തെ ഭൂരിഭാഗം വരുന്ന കർഷക ജനതയ്‌ക്കുള്ള അംഗീകാരമാണ്. ലോക രാജ്യങ്ങളുടെ നെറുകയിലേക്ക് ഭാരതത്തെ കൈപിടിച്ചുയർത്താൻ നരേന്ദ്ര മോദി സർക്കാരിന് കഴിയട്ടേയെന്ന് ആശംസിക്കുന്നു.”- സഭാദ്ധ്യക്ഷന്റെ ആശംസയിൽ പറയുന്നു.
നേരത്തെ സീറോ മലബാർ സഭയും മൂന്നാം എൻഡിഎ സർക്കാരിന് ആശംസകൾ അറിയിച്ചിരുന്നു. സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമെന്നും കേന്ദ്രസർക്കാരിന്റെ രാഷ്‌ട്ര നിർമാണ യജ്ഞങ്ങൾക്ക് സഭയുടെ പിന്തുണയുണ്ടെന്നുമാണ് സീറോ മലബാർ സഭയുടെ പബ്ലിക് അഫേഴ്‌സ് കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയച്ചത്.