മനാമ: മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ബഹ്‌റൈൻ സ്വദേശിയ്‌ക്ക് ജീവപര്യന്തം. പ്രതി കുറ്റകൃത്യം ചെയ്തെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴിയും പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. ബഹ്‌റൈനിലെ റിഫാ ഹാജിയത്തിൽ കോൾഡ് സ്റ്റോർ ജീവനക്കാരനായ കെഎം ബഷീറിനെയാണ് പ്രതി കൊലപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരി 23-നായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ സാധനം വാങ്ങാൻ എത്തിയ പ്രതി പണം നൽകാതിരുന്നതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്. കടയിൽ എത്തിയ പ്രതി സിഗരറ്റ് വാങ്ങി പണം നൽകാതെ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ബഷീർ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രതി ബഷീറിനെ നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയുടെ പുറകുവശം ശക്തമായി ഇടിച്ചതിന് പിന്നാലെ ബഷീർ ബോധരഹിതനാവുകയായിരുന്നു. ഉടൻ തന്നെ ബിഡിഎഫ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് ദിവസങ്ങൾക്ക് ശേഷം ബഷീർ മരണത്തിന് കീഴടങ്ങി.
പ്രതി സമാന സ്വഭാവമുള്ള മോഷണ കുറ്റങ്ങൾ മുമ്പും ചെയ്തിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി തെളിവായി അംഗീകരിക്കുകയും തുടർന്നുള്ള വാദങ്ങൾക്ക് ശേഷം ശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി ബഹ്‌റൈനിൽ പ്രവാസിയാണ് കോഴിക്കോട് സ്വദേശിയായ കെ എം ബഷീർ.