മലപ്പുറം : പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് വൺ സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ആത്മഹത്യക്ക് കാരണം മറ്റെന്തെങ്കിലുമാകാമെന്നാണ് പൊലീസ് ഭാഷ്യം.
പ്ലസ് വൺ സീറ്റ് കിട്ടാത്തതിനെ തുടർന്ന് കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്ലസ് വൺ പ്രവേശനത്തിനായുള്ള അലോട്ട്മെന്റുകൾ ഇതുവരെ രണ്ടെണ്ണം മാത്രമേ വന്നിട്ടുള്ളൂവെന്നും ഇനിയും അലോട്ട് മെന്റുകൾ വരാനുള്ള സാഹചര്യത്തിൽ സീറ്റ് കിട്ടാത്ത നിരാശയെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതിനാൽ ആത്മഹത്യക്ക് കാരണം സീറ്റ് പ്രതിസന്ധിയാണെന്ന് പൂർണമായി പറയാൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. കുട്ടിക്ക് ചില മാനസികവിഷമങ്ങൾ ഉണ്ടായിരുന്നതായും ഇതിന് നേരത്തെ ചികിത്സ തേടിയിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.