ന്യൂഡൽഹി : മൂന്നാം മോദി സർക്കാർ ചുമതലയേറ്റതിനു പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽ വേ . 200 വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള ടെൻഡറുകളാണ് ഉടൻ വരുക . മാത്രമല്ല ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ ഒരുങ്ങുകയാണെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ രണ്ട് സ്റ്റാൻഡേർഡ് ഗേജ് ബുള്ളറ്റ് ട്രെയിനുകൾ ആഭ്യന്തരമായി നിർമിക്കാനുള്ള ചുമതല ഇന്ത്യൻ റെയിൽവേ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിക്കാണ് (ഐസിഎഫ്) നൽകിയിരിക്കുന്നത്.250 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിനാകും നിർമിക്കുക.
ലൈനുകളുടെ ഇരട്ടിപ്പിക്കൽ, പുതിയ ലൈനുകൾ കൂട്ടിച്ചേർക്കൽ, ഗേജ് മാറ്റം എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനവും വേഗത്തിലാക്കാൻ പദ്ധതിയുണ്ട്. 2024-25ലെ ഇടക്കാല ബജറ്റിൽ റെയിൽവേയുടെ മൊത്തം ബജറ്റിൽ ഏകദേശം 30% വിഹിതം ലൈൻ ഇരട്ടിപ്പിക്കലിനായി നീക്കിവച്ചിട്ടുണ്ട്. ഏകദേശം 5,500 കിലോമീറ്റർ പുതിയ ലൈനുകൾ കൂട്ടിച്ചേർക്കാനും നീക്കമുണ്ട്.
കവാച്ച് സംവിധാനമാണ് മറ്റൊരു മാറ്റം.എല്ലാ വർഷവും ഏകദേശം 5,000 കിലോമീറ്റർ റെയിൽപാതകൾ കവാച്ച് ഉപയോഗിച്ച് കവർ ചെയ്യാൻ ഗവൺമെൻ്റിന് പദ്ധതിയുണ്ട് . ഒപ്പം മറ്റ് സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കുന്നത് തുടരും.
അഹമ്മദാബാദിനും മുംബൈയ്‌ക്കും ഇടയിലുള്ള എച്ച്എസ്ആർ (ഹൈ സ്പീഡ് റെയിൽ) പദ്ധതി മന്ത്രാലയം അതിവേഗം നടപ്പാക്കും . അഹമ്മദാബാദ്-ഡൽഹി, ഡൽഹി-ചണ്ഡീഗഢ്, അമൃത്സർ-ജമ്മു, ഡൽഹി-വാരാണസി, വാരണാസി-ഹൗറ എന്നിവിടങ്ങളിലേയ്‌ക്കും പദ്ധതി വ്യാപിപ്പിക്കും . ഇത് ബിജെപിയുടെ പ്രകടന പത്രികയുടെ ഭാഗമാണ്.
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് സമാനമായി ബുള്ളറ്റ് ട്രെയിനുകൾ വന്ദേ ഭാരത് പ്ലാറ്റ്ഫോമിലാണ് നിർമിക്കുക . എട്ട് കോച്ചുകൾ വീതമുള്ള ട്രെയിനുകൾ നിർമിച്ചു നൽകാനാണ് റെയിൽവെ ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ കോച്ചും സ്റ്റീൽ കാർ ബോഡി ഉപയോഗിച്ചാണ് നിർമിക്കുക.