പുതുച്ചേരി: പുതുച്ചേരിയിൽ മാൻഹോളിലൂടെയുള്ള വിഷവാതകം ശ്വസിച്ച് മൂന്ന് മരണം. വീടിനുള്ളിലെ ശുചിമുറിയിൽ നിന്നുമാണ് വിഷവാതകം പുറത്തേക്ക് വന്നത്. സംഭവത്തെ തുടർന്ന് റെഡ്‌ഡി പാളയം, പുതുനഗർ മേഖലയിലെ വീടുകൾ ഒഴിപ്പിച്ചു. അഞ്ഞൂറോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.
രണ്ട് സ്ത്രീകളും ഒരു പെൺകുട്ടിയുമാണ് മരണപ്പെട്ടത്. രാവിലെയാണ് സംഭവം. വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് 72 വയസുള്ള വയോധിക കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ട് എത്തിയ മകളും ബോധരഹിതയായി. വീടിന് പുറത്തുനിന്നും അകത്തേക്ക് വരികയായിരുന്ന 15 വയസുള്ള പെൺകുട്ടിയാണ് മൂന്നാമതായി കുഴഞ്ഞുവീണത്. മൂവരെയും ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു.
ശുചിമുറിയിലൂടെയാണ് വിഷവാതകം വീടിനുള്ളിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പ്രദേശത്തെ മാൻഹോളുകളിൽ എല്ലാം വിശദമായ പരിശോധന ആരംഭിച്ചു. കൂടാതെ ആളുകൾ മാസ്ക് ധരിക്കണമെന്നും പ്രായമായവരെ മാറ്റിപ്പാർപ്പിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ അധികൃതർ പ്രദേശവാസികൾക്ക് നൽകിയിട്ടുണ്ട്. ഉടൻതന്നെ ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി ആളുകൾക്ക് പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.