മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി. 1996-ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഇന്ത്യൻ സിനിമയിലെ ഒരു പാഠപുസ്തകമാണ് കാലാപാനി എന്ന പ്രിയദർശൻ സിനിമ. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളിൽ ഏറ്റവും ധീരനായ വീർ സവർക്കറിനെയും സിനിമയിൽ ഒരു കഥാപാത്രമായി അവതരിപ്പിക്കുന്നു.
നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ കാലാപാനിക്ക് ലഭിച്ചിരുന്നു. മികച്ച ഒരു സിനിമ ആയിരുന്നിട്ടുകൂടിയും സംസ്ഥാന അവാർഡിന് പരിഗണിക്കവെ ഈ ചിത്രത്തെ രണ്ടാം സ്ഥാനത്തേക്ക് ജൂറി പിന്തള്ളി. രാഷ്‌ട്രീയ പകയായിരുന്നു ഇതിന് കാരണം. ഇതോടെ, സിനിമയ്‌ക്ക് ലഭിച്ച പുരസ്കാരം കാലാപാനി ടീം വേണ്ടെന്നും വെച്ചു. ഇത് വലിയ വിവാദമായിരുന്നു. ഈ ഒരു സംഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ. പുരസ്കാരങ്ങൾ വേണ്ടെന്നു വെച്ചതിന്റെ കാരണം ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രിയദർശൻ വെളിപ്പെടുത്തി.
“എന്നെ സംബന്ധിച്ച് അവാർഡ് കിട്ടാൻ തക്കമുള്ള സിനിമകളൊന്നും അക്കാലത്ത് ഞാൻ ചെയ്തിരുന്നില്ല. പക്ഷേ, കാലാപാനി എന്ന സിനിമ എടുത്തതിൽ ഇന്നും എന്നെ പ്രശംസിക്കുന്നവർ ഉണ്ട്. എന്നാൽ ആ സിനിമയെ ഒരു രാഷ്‌ട്രീയ കാരണം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് തള്ളി മാറ്റിയപ്പോൾ എനിക്ക് മാത്രമായിരുന്നില്ല, കാലാപാനിയിൽ വർക്ക് ചെയ്ത എല്ലാവർക്കും സങ്കടം തോന്നി. അത് മനപ്പൂർവമായ തള്ളി മാറ്റലായിരുന്നു. അപ്പോഴാണ് അങ്ങനെയൊരു രണ്ടാം സ്ഥാനം നമുക്ക് വേണ്ട എന്ന് തീരുമാനിച്ചത്. അതിലും നല്ലത് ആ അവാർഡ് വാങ്ങാതിരിക്കുന്നതാണ്”.
“സംസ്ഥാന പുരസ്കാരം വാങ്ങേണ്ട എന്ന് കാലാപാനി ടീം എല്ലാവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു. അതിനുശേഷം ആ സിനിമ പോയി അഞ്ച് ദേശീയ അവാർഡ് വാങ്ങി. കാലാപാനി അഞ്ചു ദേശീയ അവാർഡ് വാങ്ങുകയും, ഇവിടെ ഒന്നാം സ്ഥാനം ലഭിച്ച സിനിമയ്‌ക്ക് ദേശീയതലത്തിൽ ഒരു പുരസ്കാരവും കിട്ടിയതുമില്ല. മനപ്പൂർവ്വം നമ്മുടെ സിനിമയെ മാറ്റി നിർത്തിയതുകൊണ്ട് അവാർഡ് വാങ്ങേണ്ട എന്ന് തീരുമാനിച്ചതാണ്, അല്ലാതെ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചത് ചെയ്ത കാര്യമല്ല”-പ്രിയദർശൻ പറഞ്ഞു.