കായംകുളം: കായംകുളത്തെ CPM ൽ പുതിയ വിവാദം . പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തു നിരവധി CPM പ്രവർത്തകർ കടക്കെണിയിലായതാണ് പുതിയ വിവാദത്തിനു കാരണം. പത്രത്തിന് ക്വാട്ട തികയ്‌ക്കാൻ സഹ. സംഘങ്ങളിൽ നിന്ന് പാർട്ടി അണികളെക്കൊണ്ട് വായ്പ്പ എടുപ്പിച്ച് വരിസംഖ്യ അടച്ചു എന്നതാണ് ആരോപണം. വ്യക്തിഗത വായ്പ്പയായി ഇങ്ങിനെ പണം എടുത്ത് ആളുകളുടെ പേരിൽ പത്രത്തിന്റെ വാർഷിക വരിസംഖ്യ നൽകിയ ശേഷം വരിക്കാരിൽ നിന്ന് മാസം Kayamkulamതോറും പിരിച്ചെടുക്കാനായിരുന്നു പദ്ധതി. അങ്ങിനെ പിരിച്ചെടുക്കുന്ന തുക സഹകരണ സംഘങ്ങളിൽ അടച്ച് ലോൺ തീർക്കുക എന്നതായിരുന്നു സിപിഎം നൽകിയ നിർദേശം.
പാർട്ടിപ്പത്രത്തിന്റെ പ്രചാരണ മാസത്തിൽ സാധാരണക്കാരിലേക്ക് പത്രം അടിച്ചേൽപ്പിക്കുവാൻ പലവിധ സമ്മർദ്ദ തന്ത്രങ്ങളും സിപിഎം പയറ്റാറുണ്ടെന്ന് ആരോപണമുണ്ട്. വാർഷിക വരിസംഖ്യ അടച്ചു വരിക്കാരാകുവാൻ പത്രം പലരെയും അടിച്ചേൽപ്പിക്കുകയാണ് എന്നാണ് വ്യാപകമായി ഉയരുന്ന പരാതി.
സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിന്നാണ് ഇവർക്ക് വായ്പ നൽകിയത്.പത്രം വാങ്ങിയ പലരും വരിസംഖ്യ നൽകുന്നില്ലാത്തത് കാരണം അങ്ങിനെ വായ്പ്പ എടുത്ത് ആളെച്ചേർത്ത നിരവധി പാർട്ടി പ്രവർത്തകർ വായ്പ അടയ്‌ക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. അപ്പോഴേക്കും വരിക്കാരെ കൂട്ടാൻ നിർദേശം നൽകിയ നേതാക്കൾ കൈയൊഴിഞ്ഞു
78 കാരനായ മുൻ പാർട്ടി LC അംഗത്തിന് മാത്രം 50,000 രൂപയുടെ കുടിശിക ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കായംകുളത്തെ കൃഷ്ണപുരത്ത് ഒരു വാർഡിൽ മാത്രം 9 CPM പ്രവർത്തകർക്ക് പത്ര വരിക്കാരെ ചേർത്തതിൽ ബാധ്യതയുണ്ട്. 78 കാരനായ പാർട്ടി പ്രവർത്തകന്റെ FB കുറിപ്പാണ് വിഷയം പുറത്തറിയാൻ കാരണം. ഈ പോസ്റ്റിൽ നിരവധി പേർ കടക്കെണിയിലായതിന്റെ വിവരം പുറത്തു വിട്ടു.
പത്രവരിക്കാരെ ചേർത്തതിന്റെ കുടിശിക കാരണം സഹകരണ സംഘങ്ങളിൽ നിന്ന് പുതിയ വായ്പകൾ ലഭിക്കുന്നില്ല എന്നതാണ് സാഹചര്യം. തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ കായംകുളത്ത് സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. അതിന്റെ പിന്നാലെയാണ് ഈ വിവാദം. കഴിഞ്ഞ അഞ്ചു വർഷമായി കായംകുളത്തെ സിപിഎം നിരന്തരം വിവാദങ്ങളിലാണ്.