ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്‌ട്രീയ സ്ഥിരത ലോകം മുഴുവൻ ശ്രദ്ധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ജനാധിപത്യ രാജ്യത്ത്, ഒരു സർക്കാർ തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെടുന്നത് വളരെ വലിയ കാര്യമാണ്. ഇത് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണെന്നും ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. പാകിസ്താനോടും ചൈനയോടുമുള്ള ബന്ധം വ്യത്യസ്തമാണ്, പ്രശ്നങ്ങളും വ്യത്യസ്തമാണ്. ചൈനയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ശ്രദ്ധ അതിർത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലായിരിക്കും. എന്നാൽ വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തി കടന്നുള്ള ഭീകരവാദമാണ് പാകിസ്താനുമായി ബന്ധപ്പെട്ട വിഷയം. അതിർത്തി പ്രശ്‌നവും അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യ കൈകാര്യം ചെയ്യും, അദ്ദേഹം വ്യക്തമാക്കി.
സുഷമ സ്വരാജിന് ശേഷം വിദേശകാര്യങ്ങളിൽ ഏറെ ശ്രദ്ധ നേടിയ പ്രവർത്തനം കാഴ്ചവെച്ച മന്ത്രിയാണ് എസ് ജയ്ശങ്കർ. ശക്തവും കരുത്തുറ്റതുമായ നയങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും രാജ്യത്തെ വിദേശ നയതന്ത്രം അദ്ദേഹം കൂടുതൽ ദൃഢമാക്കി. മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കർ 2019 മെയ് 30-നാണ് വിദേശകാര്യ മന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. നട്വർ സിംഗിന് ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി നിയമിതനായ രണ്ടാമത്തെ വിദേശകാര്യ സെക്രട്ടറി കൂടിയാണ് അദ്ദേഹം.