ന്യൂഡൽഹി: കേരളത്തിൽ എയിംസ് കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുമെന്ന് സുരേഷ് ഗോപി. 2015 മുതൽ തന്നെ ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നതായും മുഖ്യമന്ത്രി കൂടി താല്പര്യം കാണിച്ചാൽ കേരളത്തിൽ ഉറപ്പായും എയിംസ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ സുരേഷ്‌ഗോപിക്ക് പെട്രോളിയം-പ്രകൃതി വാതകം, ടൂറിസം, എന്നീ മന്ത്രാലയങ്ങളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. വകുപ്പുകളുടെ ചുമതലയേറ്റശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രിയായി ചുമതലയേറ്റെടുത്തിരിക്കുന്ന ജെപി നദ്ദ തന്റെ മെന്ററായി പ്രവർത്തിച്ച ആളാണ്. 2015 ലും 2016 ൽ എംപിയായിരുന്നപ്പോഴും ഈ ആവശ്യം അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഇതിനായി കണ്ടെത്തിയ സ്ഥലം ലിസ്റ്റിൽ വന്നില്ലെന്നും സുരേഷ്‌ഗോപി ചൂണ്ടിക്കാട്ടി. ലിസ്റ്റിൽ വന്നാൽ ഉറപ്പായും ബജറ്റിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.