കണ്ണൂർ: സിപിഎമ്മിന് പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് തിരുത്തണമെന്ന മുന്നറിയിപ്പുമായി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. സിപിഎമ്മിനും ഇടതുപക്ഷ ഭരണത്തിനുമെതിരെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു സിപിഎം നേതാവ് പരോക്ഷ വിമർശനമുന്നയിക്കുന്നത്.
” തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും നാം പാഠം ഉൾക്കൊള്ളണം. ചരിത്രത്തെ ശരിയായി വിലയിരുത്തണം. അത് സംബന്ധിച്ച് കൃത്യമായി പഠിച്ചുകൊണ്ട് അതിൽ നിന്ന് പാഠം ഉൾക്കൊണ്ടു തന്നെ മുന്നോട്ട് പോകാൻ കഴിഞ്ഞാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാനാവും.” – പി. ജയരാജൻ പറഞ്ഞു.
ഭരണത്തിനും പാർട്ടിക്കും വീഴ്ചയുണ്ടായെന്ന് പറയുന്നവരെ ഓടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും സ്വീകരിച്ചത്. ജനങ്ങൾ തെറ്റിദ്ധരിച്ചെങ്കിൽ അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ട കണ്ണൂരിലെ വോട്ടുചോർച്ചയിൽ പോലും നേതാക്കൾ സംസാരിച്ചിരുന്നില്ല. ഇതിനിടെയാണ് പരോക്ഷ വിമർശനവുമായി കണ്ണൂരിലെ തന്നെ നേതാവെത്തിയിരിക്കുന്നത്.