ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് തലച്ചോറ്. അതുപോലെ തന്നെ ഏറെ ശ്രദ്ധ നൽകേണ്ടതുമായ അവയവം. ചെറിയൊരു അശ്രദ്ധ പോലും മസ്തിഷ്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പോഷക സമ്പന്നമായ ആഹാരമാണ് തലച്ചോറിന്റെ ആരോഗ്യത്തിനേറെ പ്രധാനം. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഒലീവ് ഓയിൽ, ബദാം, അവക്കാഡോ, പാൽ, മുട്ട തുടങ്ങിയവ കഴിക്കുന്നത് മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഗുണങ്ങമേകും, ഇതിന് പുറമേ ആയുർവേദവും മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ചില ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്.
ഓർമ്മ ശക്തി വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനത്തിനും ആരോഗ്യത്തിനും സമ്മർദ്ദങ്ങളെ അകറ്റാനും ഇനി പറയുന്നവ ശീലമാക്കാം..
1. മഞ്ഞൾ
ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ മഞ്ഞൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന കുർക്കുമിൻ വീക്കം, സമ്മർദ്ദം എന്നിവ കുറയ്‌ക്കാൻ സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിലും നാഡീ വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്ന പ്രോട്ടീനായ ബ്രെയിൻ-ഡെറൈവ്ഡ് ന്യൂറോ ഫാക്ടറിന്റെ ഉത്പാദവും വർദ്ധിപ്പിക്കുന്നു.
2. ബ്രഹ്മി
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ബ്രഹ്മി സഹായിക്കുമെന്ന് പണ്ടുകാലം മുതൽ നാം കേൾക്കുന്ന കാര്യമാണ്. അൽഷിമേഴ്സ് ഉൾപ്പടെയുള്ള ചികിത്സയിൽ ബ്രഹ്മി ഉപയോഗിച്ച് വരുന്നു. ഏകാഗ്രത, ഓർമശക്തി എന്നിവ മെച്ചപ്പെടുന്നതിനും ഇത് സഹായിക്കുന്നു. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കുന്നു. തലച്ചോറിലെ ഹിപ്പോ കാമ്പസിന് ഗുണപരമായ മാറ്റം വരുത്താനും ബ്രഹ്മിക്ക് സാധിക്കും.
3. അശ്വഗന്ധ
തലച്ചോറിനെ വിവിധ തരത്തിലാണ് അശ്വഗന്ധ സ്വാധീനിക്കുന്നത്. ഓർമ്മ ശക്തിയും ചിന്താശേഷിയും വർദ്ധിപ്പിക്കുക, മികച്ച് ഉറക്കം നൽകുക, ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കാനുമൊക്കെ ഇത് സഹായിക്കും. ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാൻ ആയുർവേദത്തിലെ മികച്ച പരിഹാരമാണ് അശ്വഗന്ധ.
4. ശംഖുപുഷ്പം
ബുദ്ധിശക്തിയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ ശംഖുപുഷ്പം സഹായിക്കും. ഏകാഗ്രത, പഠന ശേഷി, മാനസിക സമ്മർദ്ദം, ക്ഷീണം എന്നിവ അകറ്റാനും മനസ്സിനെ ശാന്തമാക്കാനും ഇത് സഹായിക്കുന്നു. ചെടിയിലെ ന്യൂറോപ്രൊട്ടക്റ്റീവ് ഘടകങ്ങൾ ഓർമ്മശക്തി നഷ്ടപ്പെടുന്നത് തടയുകയും തലച്ചോറിൽ നിന്ന് പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു.
ആയുർവേദ പ്രകാരം ഇവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടർമാരുടെ ഉപദേശം കൃത്യമായി തേടേണ്ടതാണ്.