ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വയിൽ ഭീകരാക്രമണം. പ്രത്യാക്രമണത്തിൽ ഒരു ഭീകരനെ സുരക്ഷാസേന വകവരുത്തി. ഹിരാനഗർ സെക്ടറിലെ സൈദ സുഹാൽ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടൽ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു.
രാത്രി 7.45 ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈദ സുഹാൽ ഗ്രാമത്തിൽ സംശയാസ്പദമായ രീതിയിൽ വെടിയൊച്ചകൾ കേട്ടിരുന്നു. ഇതിനെ തുടർന്നാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. ഇത് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന കണ്ടാമത്ത ഭീകരാക്രമണമാണിത്.
ഞായറാഴ്ച ജമ്മു കശ്മീരിലെ റിയാസിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഭീകരർ ആക്രമിക്കുകയും ബസ് മലയിടുക്കിലേക്ക് വീഴുകയും ചെയ്തു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശിവ്‌ഖോരി ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാത് വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്‌ക്കിടെയാണ് തീര്‍ത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ശിവ്‌ഖോരിയില്‍ നിന്ന് മടങ്ങി അരമണിക്കുറിനുള്ളില്‍ ഭീകരരുടെ ആക്രമണമുണ്ടായി. അപകടത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. നിമിഷങ്ങള്‍ക്കകം ബസ് മലയിടുക്കിലേക്ക് പതിച്ചു.