ന്യൂഡൽഹി : തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശ പര്യടനം ഇറ്റലിയിലേക്ക് . ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഈ ആഴ്ച യാത്രപുറപ്പെടും.
ഇറ്റലിയിലെ അപുലിയ മേഖലയിലെ ബോർഗോ എഗ്നാസിയ എന്ന ആഡംബര റിസോർട്ടിൽ ജൂൺ 13 മുതൽ 15 വരെയാണ് ഉച്ചകോടി നടക്കുന്നത് . യുക്രെയ്ൻ യുദ്ധവും ഗാസയിലെ സംഘർഷവും ഉച്ചകോടിയിൽ ചർച്ചയായേക്കും. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രമുഖ നേതാക്കൾ. റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയും ഉച്ചകോടിയിൽ പങ്കെടുക്കും.
അതേസമയം പ്രധാനമന്ത്രി മോദിയുടെ വിദേശപര്യടനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, എൻഎസ്എ അജിത് ഡോവൽ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധികളും മോദിയെ അനുഗമിക്കുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം മേയിൽ നടന്ന ജി7 ഉച്ചകോടി ഹിരോഷിമയിൽ വച്ചായിരുന്നു നടന്നത്. യുഎസ്, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുകെ എന്നീ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7.