ആകെ ക്ഷീണിച്ചിരിക്കുമ്പോൾ ഒരു കോൾഡ് കോഫിയോ ഐസ് ടീയോ കുടിക്കുമ്പോൾ കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. കോൾഡ് കോഫി എല്ലാവരും വീട്ടിൽ പരീക്ഷിച്ചു നോക്കാറുണ്ടെങ്കിലും ഐസ് ടീ വീട്ടിൽ ഉണ്ടാക്കുന്നവർ കുറവാണ്. വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന അഞ്ച് ഐസ് ടീകൾ നോക്കാം…
ലെമൺ ഐസ് ടീ
ലെമൺ ഐസ് ടീ തയ്യാറാക്കുന്നതിനായി ആദ്യം കട്ടൻ ചായ ഉണ്ടാക്കി തണുപ്പിക്കാൻ വെക്കണം. ശേഷം ഇതിലേക്ക് നാരങ്ങാനീര് ചേർക്കണം. ഇനി ആവശ്യത്തിന് മധുരത്തിനായി പഞ്ചസാരയോ തേനോ ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതത്തിൽ ഐസും ഇടുക. ഇനി ഭംഗിക്ക് വേണ്ടി ഐസ് ക്യൂബിന് മുകളിൽ നാരങ്ങ കഷ്ണങ്ങൾ കൊണ്ട് അലങ്കരിക്കുക.
മിന്റ് ഐസ് ടീ
ചായയിലും ജ്യൂസിലും സലാഡുകളിലും മറ്റ് പല വിഭവങ്ങളിലുമെല്ലാം ചേര്‍ത്ത് പുതിനയില നാം കഴിക്കാറുണ്ട്. മിന്റ് ടീ ഇഷ്ടമില്ലാത്തവരും ചുരുക്കം ചിലർ മാത്രമാകും. മിന്റ് ഐസ് ടീ തയ്യാറാക്കാനായും ആദ്യം കട്ടൻ ചായ ഉണ്ടാക്കി തണുപ്പിക്കുക. ശേഷം ഇതിലേക്ക് പുതിനയിലയും ആവശ്യത്തിന് ചേർക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് മധുരവും ഐസ് ക്യൂബുകളും ഇടുക.
Hibiscus ബെറി ഐസ് ടീ
ചെമ്പരത്തി ചേർത്ത ചായ വളരെ അധികം ഔഷധഗുണങ്ങളുള്ള ഒന്നാണ്. എന്നാൽ ചെമ്പരത്തി ഉപയോഗിച്ച് ഐസ് ടീ ഉണ്ടാക്കുന്നവർ കുറവാണ്.
Hibiscus ബെറി ഐസ് ടീ തയ്യാറാക്കാനായി ആദ്യം ചെമ്പരത്തി പൂവ് ഉപയോഗിച്ച് ടീ ഉണ്ടാക്കി തണുക്കാൻ വക്കുക. ശേഷം ഇതിലേക്ക് സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ഏതെങ്കിലും ബെറികൾ ചേർക്കുക. ഇതിലേക്ക് ഐസ് ക്യൂബും മധുരവും ചേർക്കുക. Hibiscus ബെറി ഐസ് ടീ തയ്യാർ.
ജിഞ്ചർ ലെമൺ ഗ്രീൻ ഐസ് ടീ
എരിവും പുളിയും ചേർന്ന ജിഞ്ചർ ലെമൺ ഗ്രീൻ ഐസ് ടീ ശരീരത്തിന് ഉന്മേഷം പകരുന്നതാണ്. ഇതിനായി ആദ്യം ഗ്രീൻ ടീ തയ്യാറാക്കണം. ശേഷം ഇതിലേക്ക് ഇഞ്ചിയും നാരങ്ങയും ആവശ്യത്തിന് ചേർക്കുക. ഐസ് ക്യൂബും തേനും ചേർത്ത് കുടിക്കാവുന്നതാണ്.
പൈനാപ്പിൾ ഐസ് ടീ
ഗ്രീൻ ടീ തയ്യാറാക്കി തണുപ്പിക്കുക. ഇതിലേക്ക് പൈനാപ്പിൾ ജ്യൂസും ആവശ്യത്തിന് മധുരവും ചേർക്കുക. ഇതിലേക്ക് ഐസും ചേർക്കാം. പൈനാപ്പിൾ കഷ്ണങ്ങളും തുളസിയിലയും കൊണ്ട് അലങ്കരിക്കുക.