ന്യൂഡൽഹി: ഒരിടത്തും നിരാശനാകാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം മേഖലയെ അടുത്ത പടിയിലേക്ക് ഉയർത്താനും ലോകത്തിന് അടുത്ത ദശാബ്ദത്തിന്റെ ടൂറിസം എന്താണെന്ന് മനസിലാക്കി കൊടുത്ത് പുതിയ രുചി പകരാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളമാണ് ഇന്ത്യയുടെ ടൂറിസത്തിന്റെ പരമസാധ്യതയെന്ന് പ്രധാനമന്ത്രി നേരത്തെ പരാമർശിച്ചിരുന്നു. ആ സാധ്യതയെ വിനിയോഗിക്കാനുള്ള നിയോഗം തനിക്കായിരിക്കാമെന്നും അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ പറഞ്ഞു. ഇതിന് മുൻപ് വന്ന് പോയവർക്ക് വീണ്ടും വരാനും പുതുതായി വരാൻ താത്പര്യപ്പെടുന്നവർക്ക് അഭികാമ്യതയോടെ വരാനുമുള്ള സംവിധാനം സജ്ജമാക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
മറ്റ് രാജ്യങ്ങളിലെ ജനസമൂഹങ്ങളിലേക്ക് വെറുപ്പിന്റെയോ വിഘടനത്തിന്റെയോ വിത്തു പാകുന്ന തരത്തിൽ നമ്മൾ പ്രവർത്തിക്കരുത്. യഥാർത്ഥ ഇന്ത്യ എന്താണോ, അത് അവരുടെ മുൻപിൽ കാണിക്കണം. അടൂർ ഗോപാലകൃഷ്ണനും സത്യജിത് റേയുടെയും സിനിമകളിൽ ചിത്രീകരിക്കുന്ന ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. രാഷ്‌ട്രീയ ലാഞ്ചന ഇല്ലാതെയുള്ള ഇന്നത്തെ ഇന്ത്യയെ അനാവരണം ചെയ്യാൻ ഭാരതീയൻ എന്ന നിലയിൽ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യ-മാലദ്വീപ് തർക്കത്തിനിടയിലും പ്രസിഡന്റെ മുഹമ്മദ് മുയിസു സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.