തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ അംഗങ്ങൾ തമ്മിൽ ‘കുര’യെ ചൊല്ലി വാക്കേറ്റം. ഇങ്ങനെ കുരയ്‌ക്കുന്നതിൽ എന്ത് അർഥമാണുള്ളതെന്ന് വി ശിവൻകുട്ടിയെ ചൂണ്ടി ലീഗ് എംഎൽഎ എൻ. ഷംസുദ്ദീൻ ചോദിച്ചതാണ് വാക്കേറ്റത്തിൽ കലാശിച്ചത്.
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് ഷംസുദ്ദീൻ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ
ഉപരിപഠനം സംബന്ധിച്ച് യാതൊരു പ്രതിസന്ധിയും ഇല്ലെന്നും സഭ നിർത്തിവെച്ചുകൊണ്ടുള്ള അടിയന്തരപ്രമേയ ചർച്ച ആവശ്യമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ പരാമർശം.
‘മന്ത്രി പറഞ്ഞ കാര്യങ്ങൾ വസ്തുതയ്‌ക്ക് നിരക്കുന്നതല്ല. പതിനായിരക്കണക്കിന് കുട്ടികൾ സീറ്റ് കിട്ടാതെ പുറത്തുണ്ട്. ഫുൾ എ പ്ലസ് കിട്ടിയവർക്ക് അടക്കം ആദ്യ അലോട്ട്മെന്റിൽ സീറ്റ് കിട്ടിയിട്ടില്ല. ഇത് പറയുമ്പോൾ അവിടുന്ന് ഇങ്ങനെ കുരയ്‌ക്കുന്നതിൽ എന്ത് അർഥമാണുള്ളത്’ ഷംസുദ്ദീൻ പറഞ്ഞു. ഒടുവിൽ അൺ പാർലമെന്ററി ആണെന്ന് പറഞ്ഞ് ‘കുര’ രേഖകളിൽ നിന്ന് സ്പീക്കർ നീക്കം ചെയ്തു.