ന്യൂഡൽഹി: എൻഡിഎ സർക്കാർ കഴിഞ്ഞ 10 വർഷം നടപ്പിലാക്കിയ നയങ്ങളുടെ തുടർച്ചയാണ് ഈ കാലയളവിലും നടപ്പിലാക്കുകയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മത്സ്യ – മൃഗ സംരക്ഷണ – ക്ഷീരവകുപ്പ് വികസന രേഖയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുതലപ്പൊഴി ഉൾപ്പെടെയുള്ള കേരളത്തിലെ തീരദേശമേഖലകളിൽ സന്ദർശനം നടത്തി ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കും. ആ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിപൂലീകരിക്കുമെന്നും സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം ചുമതലയേറ്റെടുത്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് ജോർജ് കുര്യൻ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റെടുത്തത്. ആദ്യം കേന്ദ്ര കൃഷി മന്ത്രാലയത്തിലെത്തി മത്സ്യ – മൃഗ സംരക്ഷണ – ക്ഷീരവകുപ്പിന്റെ ചുമതലയാണ് ഏറ്റെടുത്തത്. പിന്നീടാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയെറ്റെടുത്തത്.