തിരുവനന്തപുരം: വടകരയില്‍ നിന്നും ലോക്സഭയിലേക്ക് വിജയിച്ചതിനെത്തുടർന്നു എംഎല്‍എ സ്ഥാനം രാജിവെച്ചു ഷാഫി പറമ്പില്‍. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.
പാർലമെന്റിലേക്ക് പോകുമ്പോള്‍ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജി സമർപ്പിച്ച ശേഷം ഷാഫി പറമ്പില്‍ പറഞ്ഞു. ‘പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചത്. ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകും. നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എംഎല്‍എ ആയി ഇരുന്നതിലും രണ്ടു ടേം പ്രതിപക്ഷ എംഎല്‍എ ആയതിലും ചാരിതാർത്ഥ്യമുണ്ട്. നിയമസഭ മിസ് ചെയ്യുമെന്നും ‘ ഷാഫി പറമ്പില്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു.