തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തന്റെ രാജി ചോദിച്ച് ആരും വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെ മാറ്റി നിർത്താൻ ജനം ശ്രമിച്ചതിനെ ഇടതുപക്ഷ വിരോധമായി കാണേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 2004-ൽ എകെ ആന്റണി മുഖ്യമന്ത്രി പദം രാജിവച്ചത് കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നം മൂലമാണ്. താൻ കാര്യം പറയുമ്പോൾ അതിലെന്തെങ്കിലും വസ്തുതയുണ്ടോയെന്ന് ആലോചിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിയമസഭയിലൂടെ വിശദീകരണം നൽകുന്നത്. ഭരണവിരുദ്ധ വികാരമാണ് എൽഡിഎഫിന്റെ തോൽവിക്ക് പിന്നിലെന്നത് തെറ്റായ ധാരണയാണെന്ന് പറയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സിപിഐ കൗൺസിൽ യോഗത്തിൽ ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ഭരണത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ 121 ഇടങ്ങളിലും എൽഡിഎഫ് പിന്നിലായിരുന്നു. പെൻഷൻ, സപ്ലൈകോ പ്രതിസന്ധി, സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഓ റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം എന്നിവയെല്ലാം സർക്കാരിന്റെ തോൽവിക്ക് കാരണമായി. എൽഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളായ 11 ഇടത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാമതെത്തിയത്. ഇതിൽ മന്ത്രിമാരായ കെ രാജന്റെ ഒല്ലൂർ, വി ശിവൻകുട്ടിയുടെ നേമം, ആർ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയും ഉൾപ്പെടുന്നു.