ന്യൂയോർക്ക് : അനധികൃതമായി തോക്ക് കൈവശം വച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കേസിൽ ശിക്ഷാവിധി പിന്നീടായിരിക്കും പ്രഖ്യാപിക്കുക.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് സമർപ്പിക്കേണ്ട ഫോമിൽ ഹണ്ടർ ബൈഡൻ നുണ രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടർ സാക്ഷ്യപ്പെടുത്തിയത് തെറ്റായ വിവരമാണെന്നാണ് കണ്ടെത്തൽ. തോക്ക് ഉപയോഗിക്കാൻ ലൈസൻസ് നൽകുന്ന സ്ഥാപനം സമർപ്പിക്കാൻ ആവശ്യപ്പെടുന്ന ഫോമിൽ ഉപഭോക്താവ് നിർബന്ധമായും സാക്ഷ്യപ്പെടുത്തേണ്ട രണ്ട് കാര്യങ്ങളാണുള്ളത്. നിലവിൽ അനധികൃതമായി തോക്ക് കൈവശം വയ്‌ക്കുന്നില്ലെന്നും ലഹരിക്കടിമയല്ലെന്നും ഫോമിൽ വ്യക്തമാക്കണം. എന്നാൽ ഇക്കാര്യത്തിലാണ് ഹണ്ടർ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ചത്. സർക്കാർ സ്ഥാപനത്തോട് കള്ളം പറഞ്ഞ് തോക്ക് വാങ്ങുകയും ഇത് 11 ദിവസം കൈവശം വയ്‌ക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.
അമേരിക്കൻ നിയമപ്രകാരം 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും കുറ്റം ആദ്യമായി ചെയ്തതായതിനാൽ ഇളവ് ലഭിച്ചേക്കും.