ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂത പൂർവ്വമായ ഭക്തജന തിരക്കിൽ വൈശാഖ പുണ്യ മാസത്തിന് സമാപനം. വേനൽ അവധി തുടങ്ങുകയും വൈശാഖ മാസം ആരംഭിക്കുകയും ചെയ്തതോടെ ക്ഷേത്രത്തിലേക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭക്തജന പ്രവാഹമാണ് ഉണ്ടായത്
മഹാവിഷ്ണുവിനു ഏറ്റവും വിശേഷപ്പെട്ട മാസമാണ് “വൈശാഖമാസം.” മാധവനു പ്രിയങ്കരമായതിനാല്‍ “മാധവ മാസം” എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ :ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ കഴിയുന്നു എന്നാണു വിശ്വാസം. വൈശാഖ മാസം വിഷ്ണുഭജനത്തിനു ഏറ്റവും അനുയോജ്യമായ മാസമാണ്. പത്തിരട്ടി ഫലദായകം. അതിനിടയിൽ വന്ന അക്ഷയ തൃതീയയും ഗുരുവായൂരിനെ ഭക്തജന സാന്ദ്രമാക്കി. വൈശാഖമാസത്തിന്റെ ആദ്യദിനത്തിൽ ദർശന പുണ്യം തേടി ആയിരങ്ങൾ കണ്ണന്റെ സന്നിധിയിലെത്തിയത്.
പലപ്പോഴും ദർശനത്തിന് ഭക്തരുടെ നീണ്ടനിരയായിരുന്നു. ഭക്തരെ കൊടിമരം വഴി നേരിട്ട് നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയാണ് തിരക്കുള്ള ദിവസങ്ങളിൽ ദേവസ്വം ചെയ്യുന്നത്. ഉച്ച കഴിഞ്ഞ് 2 45നാണ് ചില ദിവസങ്ങളിൽ ക്ഷേത്ര നട അടക്കുന്നത്. രാവിലെ മുതൽ ക്യൂവിൽ നിൽക്കുന്നവർക്ക് ഭഗവാൻ്റെ ഒരു ദർശന പുണ്യത്തിനായി ദേവസ്വം ജീവനക്കാർ ഏറെ പാടുപെടുന്നുണ്ട്. തുടർന്ന്. 3.30ന് വീണ്ടും തുറന്ന് ദർശനം പുനരാരംഭിക്കുമായിരുന്നു.
ഭക്തജനങ്ങൾ മണിക്കൂറുകൾ വരിനിന്നാണ് തൊഴാനാകുന്നത്. വരിയിൽ നിൽക്കുന്ന എല്ലാവർക്കും ദർശനം നൽകാനുള്ള തീരുമാനത്തിൽ, അതു സാധ്യമാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ മറ്റു ഭരണ സമിതി അംഗങ്ങൾ, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, മറ്റു ജീവനക്കാർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്
തെക്കേ നടയിൽ പ്രത്യേകമായി സജ്ജീകരിച്ച ക്യൂപന്തലും നിറഞ്ഞ്, വരിയുടെ അറ്റം തെക്കേ നടയുടെ അറ്റത്തേക്ക് നീണ്ടു പോകാറുണ്ട്. ക്യൂപന്തലിൽ ഏകദേശം എണ്ണൂറോളം പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടായിരുന്നു.
ദർശനത്തിന് ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് വേനൽ ചൂടിൽ ആശ്വാസമായി ദേവസ്വം തെക്കേ നടയിലും കിഴക്കേ നടയിലും ദേവസ്വം സംഭാര വിതരണവും,, വടക്കേ നടയിൽ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ ചുക്കുവെള്ളം വിതരണം നടത്തിയിരുന്നു.. പ്രസാദ ഊട്ടിനും നല്ലതിരക്കുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് അവസാനിക്കേണ്ടിടത്ത് വൈകീട്ട് നാലരവരെ പ്രസാദ ഊട്ട് നീണ്ട ദിവസങ്ങളും ഉണ്ടായിരുന്നു. വൈശാഖ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ചയായ ജൂൺ 6 ന് വിശേഷാൽ പ്രസാദ ഊട്ടിന് കേയം എക്സ്പോർട്ട്സ് ചെന്നൈ ഗ്രൂപ്പ് ചെയർമാൻ ശശികുമാരൻ നായർ 2,50,000 രൂപയാണ് ദേവസ്വത്തിൽ സമർപ്പിച്ചത്.
വൈശാഖ മാസത്തെ വ്യാഴാഴ്ചകളായ മെയ്-9,16,23,30, ജൂൺ 6 തുടങ്ങിയ ദിവസങ്ങളിൽ ഉണ്ടാകുന്ന വിശേഷാൽ സദ്യയിൽ മാമ്പഴ പുളിശ്ശേരി, എരിശ്ശേരി, പച്ചക്കടുമാങ്ങ, ഓലൻ, പപ്പടം, മോര് എന്നീ വിഭവങ്ങളും ഭഗവാൻ്റെ പാൽപായസവും ഉണ്ടായിരുന്നു ഈ വർഷം വൈശാഖം തുടങ്ങുന്നതും സമാപിക്കുന്നതും വ്യാഴാഴ്ചയാണ്.
ക്ഷേത്രത്തിൽ വരുമാനത്തിൻ്റെ കാര്യത്തിലും ഏറെ വർദ്ദനവുണ്ടായിട്ടുണ്ട്. ക്യൂ നിൽക്കാതെ നെയ്യ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിലും തുലാഭാരം, ചോറൂൺ, വിവാഹം, പാൽപായസം, ഇടങ്ങിയ വഴിപാടുകളിലും, അക്ഷയ തൃതീയക്ക് സ്വർണ്ണ ലോക്കറ്റിൻ്റെ വില്പനയിലും ഏറെ വരുമാനമുണ്ടായുണ്ട്. 80 ലക്ഷത്തോളം വരവുവന്ന ദിവസങ്ങളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്.
മധ്യവേനൽ അവധിയായതിനാൽ രാവിലെ 6 മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ കിഴക്കേ നടയിലെ മേൽപത്തൂർ ഓഡിറ്റോറിയവും തെക്കെ നടയിലെ ശ്രീ ഗുരുവായുരപ്പൻ ഓഡിറ്റോറിയവും നാട്യനൃത്തങ്ങളാൽ മുഖരിതമാണ്. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള കലാ പ്രതിഭകൾ കണ്ണനു മുന്നിൽ അവരുടെ കലാ വിസ്മയം തീർത്ത് അവിടെയും ഉത്സവ മുഖരിതമാക്കുന്നു.
ഭക്തസഹസ്രങ്ങൾക്ക് ആത്മീയനിറവേകുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങളും സപ്താഹങ്ങളും ഗുരുവായൂർ ക്ഷേത്രസന്നിധിയെ ധന്യമാക്കുന്നു. ഈ വർഷത്തെ വൈശാഖ മാസം മേയ് 9 ന് തുടങ്ങി ജൂൺ 6 വരെ നാലു സപ്താഹങ്ങൾ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ഭക്തരുടെ വഴിപാട് സമർപ്പണമായി നടന്നിരുന്നു. മേയ് 9 ന് ദീപാരാധനയ്ക്ക് ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഭക്തിപ്രഭാഷണത്തിനും തുടക്കമായി. ഡോ.വി. അച്യുതൻ കുട്ടി ,ഏ.കെ.ബി നായർ എന്നിവർ ആദ്യ രണ്ടു ദിനത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നിർവ്വഹിച്ചു. ശ്രീ ശങ്കര ജയന്തി ദിനമായ മേയ് 12 ഞായറാഴ്ച രാത്രി 7 ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദ്ധ്യാത്മിക പ്രഭാഷണം നിർവ്വഹിച്ചു.
വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം വേഗത്തിൽ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധി ദിനങ്ങളിൽ നിലവിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു ഈ നിയന്ത്രണം മേയ് 18 ശനിയാഴ്ച മുതൽ ആരംഭിച്ച് വൈശാഖംമാസം അവസാനിക്കുന്ന ജൂൺ 6 വരെ തുടർന്നു. അതിനാൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വരിനിന്ന് സുഖദർശനം സാധ്യമായിരുന്നു. പൊതു അവധി ദിനങ്ങളിൽ നടപ്പാക്കിയ ദർശന ക്രമീകരണത്തിന് ഭക്തരിൽ നിന്ന് വൻ പിന്തുണയും സഹകരണവും ലഭിച്ചിരുന്നു. അതേ സമയം ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശന സൗകരും പ്രസ്തുത ദിവസങ്ങളിൽ വളരെ വലിയ രീതിയിൽ ഉണ്ടായിരുന്നു