തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്.
വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്‌കൂള്‍ തുറക്കല്‍. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങള്‍ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസില്‍ അക്ഷരമാലയും തിരികെയെത്തി.
എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയത്തിലെ മാറ്റമാണ് ഈവര്‍ഷത്തെ പ്രധാന ഹൈലൈറ്റ്. 2005ല്‍ അവസാനിപ്പിച്ച വിഷയങ്ങള്‍ക്കുള്ള മിനിമം മാര്‍ക്ക് തിരികെ കൊണ്ടുവരികയാണ്. നിരന്തര മൂല്യനിര്‍ണ്ണയത്തിലും ഇനി വാരിക്കോരി മാര്‍ക്കുണ്ടാകില്ല. നൂറിനടത്ത് എത്തുന്ന വിജയശതമാനം ഇനി മുതല്‍ പ്രതീക്ഷിക്കേണ്ട.