ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളിക്ക് ഇനി 3 മാസം അവധി. വെളിയാഴ്ച രാത്രി നടന്ന ബാണ യുദ്ധം കഥ അവതരിപ്പിച്ചു കൊണ്ട് 3 മാസത്തെ അവധിയെടുത്ത് കളി അവസാനിപ്പിച്ചു. അവസാനത്തെ കളിക്കു “പെട്ടിവച്ചു കളി’ എന്നാണു പേര്. ബുധനാഴ്ച രാത്രി കൃഷ്ണനാട്ടം “സ്വർഗാ രോഹണം’ അവതരിപ്പിച്ചിരുന്നു.
ജൂൺ മാസം കഷ്ണനാട്ടം കളിക്കാർക്കു പൂർണ അവധിയാണ്. ജൂലൈ, ഓഗസ്റ്റ‌് മാസങ്ങളിൽ ഉഴിച്ചിലും കച്ചകെട്ടഭ്യാസവും ചൊല്ലിയാട്ടവും നടക്കും. സെപ്റ്റംബർ ഒന്നിനു ക്ഷേത്രത്തിൽ ‘അവതാരം’ കഥയോടെ വീണ്ടും കളി ആരംഭിക്കും.
33 വർഷമായി വേഷം കൃഷ്ണനാട്ടം കലാകാരനായ ഒ രതീഷ് ശ്രീകൃഷ്ണനായി അരങ്ങേറ്റം നടത്തി. ഒരു കലാകാരൻ ആശാൻ സ്ഥാനത്തേക്ക് എത്താറാകുമ്പോൾ മാത്രമാണു സ്വർഗാരോഹണത്തിലെ കൃഷ്ണന്റെ വേഷം കെട്ടുന്നത്. ആശാന്മാർക്കും മുൻ ആശാന്മാർക്കും ദക്ഷിണ നൽകി രതീഷ് കൃഷ്ണനായി അരങ്ങിലെത്തി.
സന്താനഗോപാലം, ഉദ്ധവോപദേശം എന്നീ രംഗങ്ങളാണ് ആദ്യം. കാട്ടാളന്റെ അമ്പേറ്റു ശ്രീകൃഷ്ണൻ സ്വർഗാരോഹണം ചെയ്യുന്നതും വൈകുണ്ഠ ദർശനവുമാണ് ഒടുവിലത്തെ രംഗം
സ്വർഗാരോഹണത്തിനു പിറ്റേന്ന് അവതാരം കഥ അവതരിപ്പിക്കണം എന്നതു നിർബന്ധമാണ്. സ്വർഗാരോഹണം നടത്തിയ ഭഗവാൻ വീണ്ടും അവതരിച്ചു കാണാനുള്ള ഭക്തരുടെ ആഗ്രഹം കൂടിയാണത്. വ്യാഴാഴ്ച അവതാരം കളി അവതരിപ്പിചിരുന്നു. ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി വഴിപാട് വകയിൽ 3,84,000 രൂപ ലഭിച്ചു . 128 പേരാണ് വ്യാഴാഴ്ച അവതാരം കളി ശീട്ടാക്കിയിരുന്നത്.