തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ ജോർജ് ഉൾപ്പെട്ട മാസപ്പടി കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഷോൺ ജോർജ്. എക്സാലോജിക്കിന്റെ അക്കൗണ്ട് വഴി കോടികളുടെ പണമിടപാടാണ് നടന്നതെന്നും കെമേഴ്സ്യൽ ബാങ്ക് എക്സാലോജിക് കൺസൾട്ടിംഗ് മീഡിയ സിറ്റി യുഎഇ എന്ന അഡ്രസിലാണ് അക്കൗണ്ടുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബുദാബിയിലെ അക്കൗണ്ടിന്റെ ഉടമകൾ വീണ വിജയനും സുരേഷ് എമ്മുമാണ്. കോടാനുകോടിയുടെ ഇടപാട് ഈ അക്കൗണ്ടിലൂടെ നടന്നിട്ടുണ്ട്. കരിമണൽ ഖനനവും മാസപ്പടിയുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. പ്രൈസ് വാട്ടർ കൂപ്പേഴ്സിൽ നിന്നും വളരെ വലിയ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതിന്റെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇഡിയ്ക്കും എസ്എഫ്ഐഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.
പ്രൈസ് വാട്ടർ കൂപ്പേഴ്സ് 2014- ഡിസംബറിലാണ് കരാറിൽ ഒപ്പിട്ടുള്ളത്. 2020 നവംബർ 30-ന് കരാർ അവസാനിക്കുന്നു. ഈ കരാർ നിലനിൽക്കുമ്പോഴാണ് പണം എത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. സിഎംആർഎല്ലിന്റെ ഇടപാടിൽ നടന്ന തിരിമറി സംബന്ധിച്ച് അന്വേഷണം വേണം. ഈ പണം എവിടെ പോയെന്ന് കണ്ടെത്തിയാൽ മാത്രമേ അന്വേഷണം പൂർണമാകൂ. കണ്ടെത്തിയ അഴിമതിയിൽ തന്നെ 17 കോടിയുടെ നഷ്ടം വന്നിട്ടുണ്ട്. തുക കണ്ടെത്തിയാൽ മാത്രമേ പണം സർക്കാരിന് തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂ.
ഒരു ഇന്ത്യൻ പൗരൻ വിദേശത്ത് ഇത്തരമൊരു അക്കൗണ്ട് ഉപയോഗിച്ചാൽ തീർച്ചയായും ഇൻകം ടാക്സ് റിട്ടേണിൽ അത് നൽകിയിരിക്കണം. വീണയുടെ ഇൻകം ടാക്സ് റിട്ടേണിൽ ഇത് കാണിച്ചിട്ടില്ലെങ്കിൽ ഗുരുതമായ കുറ്റമാണ്.
കഴിഞ്ഞ എട്ട് വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്തൊക്കെ ഇടപാട് നടന്നിട്ടുണ്ടോ അവിടെയെല്ലാം ഇത്തരത്തിലുള്ള അഴിമതിയും തിരിമറിയും നടന്നിട്ടുണ്ട്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി കൊള്ള ചെയ്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഇത്തരമൊരു കൊള്ളക്കാരനായ വ്യക്തിയെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കരുത്.
10 കോടിയിലധികം രൂപയാണ് ഈ അക്കൗണ്ടുകളിൽ ബാലൻസായി കിടക്കുന്നത്. ഇവർ ഇതൊക്കെ നിഷേധിച്ചാലും തെളിയിക്കാനുള്ള രേഖകളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് ആണി വാങ്ങിയതിന് പോലും കമ്മീഷൻ കൊടുത്തിട്ടുണ്ടായിരിക്കാം. ഇതിലും കൂടുതൽ കാര്യങ്ങൾ അന്വേഷണ ഏജൻസിക്ക് മുന്നിൽ പറയുമെന്നും- ഷോൺ ജോർജ് പറഞ്ഞു.