ഒന്നും രണ്ടുമല്ല, പത്ത് കിലോമീറ്റർ വെള്ളത്തിലൂടെ ഒഴുകി, മൂന്ന് പാലങ്ങൾക്ക് അടിയിലൂടെ നീങ്ങി ജീവിതത്തിന്റെ കരപ്പറ്റിയ ആശ്വാസത്തിലാണ് കുളക്കട സ്വദേശി 64-കാരി ശ്യാമളയമ്മ. ഇന്നലെ പെയ്തിറങ്ങിയ കോരിച്ചൊരിയുന്ന മഴയിൽ കല്ലടയാറ്റിലെ കുത്തൊഴുക്കിനെ അതിജീവിച്ച്, ഒരുകൂട്ടം നല്ലവരായ യുവാക്കളുടെ സഹായത്താലാണ് കിഴക്കേ ഭവനിൽ ഗോപിനാഥൻ നായരുടെ സഹധർമിണി ശ്യാമളയമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത്.
രാവിലെ താഴത്തുകുളക്കട പരമേശ്വരത്ത് കടവിൽ തുണി അലക്കാനായി പോയതാണ് ശ്യാമളയമ്മ. കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നീന്തൽ അറിയാത്തത് വിനയായി. പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ ഒഴുക്കും ശക്തമായിരുന്നു. മലർന്ന് കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്തുകടവ്, പുത്തൂർ പാലം, ഞാങ്കടവ് പാലങ്ങൾ പിന്നിട്ട് താഴേക്ക് ഒഴുകി പോവുകയായിരുന്നു. കുന്നത്തൂർ പാലത്തിന് മുകളിൽ നിന്ന ചിലർ ഇവർ ഒഴുകി പോകുന്നത് കണ്ട് ദൃശ്യം പകർത്തിയെങ്കിലും ജീവനുണ്ടെന്ന് കരുതിയിരുന്നില്ല.
ഉച്ചയ്‌ക്ക് രണ്ടരയോടെ ചെറുപൊയ്ക മംഗലശേരി കടവിന് സമീപത്തായി നിലവിളി കേട്ട് സമീപത്തെ വീട്ടിലുണ്ടായിരുന്ന ദീപയും സൗമ്യയും ശ്രദ്ധിച്ചപ്പോഴാണ് വള്ളിപ്പടർപ്പുകളിൽ പിടിച്ച് രക്ഷപ്പെടാനായി ശ്രമിക്കുന്ന സ്ത്രീയെ കാണുന്നത്. തുടർന്ന് ഇവർ പൊലീസിനെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വഞ്ചിയിറക്കി കരയ്‌ക്കെത്തിച്ചു. കാൽ വഴുതിയത് മാത്രമാണ് ഓർമ്മയുള്ളൂവെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു ശ്യാമളയമ്മ പൊലീസിനോട് പറഞ്ഞത്.
ആഴമേറിയ കയം സ്ഥിതി ചെയ്യുന്ന ഉരുളുമല എന്ന ഭാഗത്താണ് ശ്യാമളയമ്മ വള്ളിയിൽ തങ്ങി നിന്നത്. ഇവിടെ തോണി ഇറക്കുന്നത് സുരക്ഷിതമല്ലെങ്കിലും അത് വകവയ്‌ക്കാതെ ആയിരുന്നു നാട്ടുകാരുടെ ധീരമായ രക്ഷാപ്രവർത്തനം. തുണിക്കകത്ത് വായും കയറി നിന്നത് കൊണ്ടാകാം മുങ്ങാതെ ഒഴുകിയതെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ശ്യാമളയമ്മയെ കൊട്ടരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തകരമെന്നാണ് വിവരം.