ടെൽ അവീവ്: ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം വീണ്ടും ശക്തമാകുകയാണ്. പലസ്തീൻ ജനങ്ങളെ മറയാക്കി വച്ചുകൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം നടത്തുന്നത്. അതിനാൽ തന്നെ ഇസ്രായേലിന്റെ പ്രത്യാക്രമണങ്ങളിൽ പലസ്തീനിലെ ജനങ്ങളും ബലിയാടുകളാകുന്നു. ഇതിനിടെ ഒക്ടോബർ 7 മുതൽ തടവിലാക്കപ്പെട്ട ഹമാസ് ഭീകരരുടെ അവസ്ഥ പരിശോധിക്കാൻ വേണ്ടി ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് ഇസ്രായേൽ.
ഇസ്രായേൽ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് ഭീകരരുടെ അവസ്ഥ പരിശോധിക്കാൻ ഉപദേശക സമിതിയെ നിയോഗിച്ചത്. മൂന്ന് തടങ്കൽ കേന്ദ്രങ്ങളിലായാണ് ഹമാസ് ഭീകരരെ താമസിപ്പിച്ചിരിക്കുന്നത്. ഗാസയിൽ പിടിക്കപ്പെട്ട ഭീകരവാദികളെ ഇസ്രായേലിലെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് IDF-ന്റെ Sde Teiman, Anatot, Ofer ബേസുകളിലെ തടങ്കൽ കേന്ദ്രങ്ങളിലേക്കാണ് അയക്കുന്നത്.
ഏകദേശം 2,300 ഹമാസ് ഭീകരർ ഇസ്രേയേലിന്റെ തടവിൽ കഴിയുന്നുണ്ട്. ഇവർ കഴിയുന്ന തടങ്കൽ കേന്ദ്രങ്ങളിലെ വ്യവസ്ഥകൾ പരിശോധിച്ച് അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമാണോയെന്ന് വിലയിരുത്തി മൂന്നാഴ്ചയ്‌ക്കകം ശുപാർശകൾ സമർപ്പിക്കുന്നതിനാണ് അഞ്ചംഗ ഉപദേശക സമിതിക്ക് ഇസ്രായേൽ രൂപം നൽകിയത്.