കാലവർഷമെത്തും മുൻപേ സംസ്ഥാനത്ത് മഴക്കെടുതിയാണ്. ഇത്തവണ ഇടവപ്പാതിയിൽ പതിവിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. തെക്കുപടിഞ്ഞാറൻ കാലാവർഷത്തിൽ മഴ കുറയ്‌ക്കാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായെന്നും ഇതിന് നേർവിപരീതമായ ലാ നിന പ്രതിഭാസമാകും ഈ കാലവർഷക്കാലത്ത് സംഭവിക്കുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തവണ 106 ശതമാനത്തിലേറെ മഴയാണ് പ്രവചിച്ചിട്ടുള്ളത്.
അടുത്തിടെയാണ് ഈ എൽ നിനോ-ലാ നിന പ്രയോഗങ്ങൾ വ്യാപകമായത്. സ്പാനിഷ് വാക്കുകളാണിവ. എൽ നിനോ (El Niño) എന്നാൽ ചെറിയ ആൺകുട്ടിയെന്നും ലാ നിന (La Nina) എന്നാൽ ചെറിയ പെൺകുട്ടിയെന്നുമാണ് അർത്ഥം. ആഗോള കാലവസ്ഥയെ ബാധിക്കുന്ന രണ്ട് കാലാവസ്ഥ പ്രതിഭാസങ്ങളാണ് ഇവ. സമുദ്ര-അന്തരീക്ഷ കാലാവസ്ഥ വിശേഷിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. വപസഫിക സമുദ്രത്തിലെ ജലത്തിന്റെ താപനില അടിസ്ഥാനമാക്കിയാണ് എൽ നിനോ, ലാ നിന പ്രതിഭാസങ്ങളെ വിലയിരുത്തുന്നത്.
ഭൂമധ്യരേഖാ പ്രദേശത്തെ പസഫിക് സമുദ്രോപരിതലത്തിൽ ചൂട് കൂടുന്ന സാഹചര്യമാണ് എൽ നിനോ പ്രതിഭാസം. ചൂടുവെള്ളം ഓസ്ട്രേലിയയിൽ നിന്ന് തെക്കേ അമേരിക്കൻ തീരത്തേക്ക് ഒഴുകും. ഇത് കാലവർഷത്തെ ബാധിക്കും. എന്നാൽ ലാ നിന പ്രതിഭാസം സമുദ്രോപരിതലത്തെ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ചൂടുവെള്ളം തെക്കേ അമേരിക്കൻ ഭാഗത്ത് നിന്ന് ഓസ്ട്രേലിയൻ ഭാഗത്തേക്ക് ഒഴുകും. ഇത് ഇന്ത്യയിൽ കൂടുതൽ മഴയ്‌ക്ക് കാരണമാകും. ഇവയ്‌ക്ക് പുറമേ ന്യൂട്രൽ എൽ നിനോ സതേൺ ഓസിലേഷൻ (ENSO) സൈക്കിളും രൂപപ്പെടുന്നു.
എൽ നിനോയെ അപേക്ഷിച്ച് ലാ നിന പ്രതിഭാസം വളരെ അപൂർവമായി മാത്രമാണ് സംഭവിക്കുന്നത്. രണ്ടോ അല്ലെങ്കിൽ ഏഴോ വർഷം കൂടുമ്പോൾ എൽ നിനോ, ലാ നിന പ്രതിഭാസം കൊണ്ട് സ്വാഭാവിക ENSO സൈക്കിൾ തടസപ്പെടും. ഇതിന് മുൻപ്
2020-നും 2023-നും ഇടയിൽ ലാ നിന പ്രകടമായിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച എൽ നിനോ ദുർബലമാകുകയാണ്. ജൂൺ മാസത്തോടെ, ന്യൂട്രൽ ENSO സൈക്കിൾ എത്തിയേക്കാം. ശേഷം, ലാ നിന പ്രതിഭാസം സംഭവിക്കാൻ തുടങ്ങുകയും അതിന്റെ ആഘാതം ഓഗസ്റ്റിൽ പാരമ്യത്തിലെത്തുമെന്നാണ് വിലയിരുത്തൽ. ഇത് പ്രകാരം ഇന്ത്യയിൽ ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ട്.
കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും സാധാരണയിൽ കവിഞ്ഞ് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കനത്ത മഴയുടെ ഫലമായി ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം എന്നിവ ഉണ്ടാകാം. ലാ നിന പ്രതിഭാസം നടക്കുന്ന സമയങ്ങളിൽ ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പൊതുവേ മഴ കുറവായിരിക്കും. ഇക്കാലയളവിൽ ഇടിമിന്നൽ സാധ്യതയേറും.
ഇന്ത്യക്ക് പുറമേ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ലാ നിനയുടെ സ്വാധീനത്താൽ കനത്ത മഴ ലഭിക്കും. വടക്കേ അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിൽ വരൾച്ചയും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കിഴക്കൻ അമേരിക്കൻ പ്രദേശങ്ങളിലും ദക്ഷിണാഫ്രിക്കയിലും സാധാരണയിൽ കുറഞ്ഞ മഴയാകും ഇക്കാലയളവിൽ ലഭിക്കുക. കത്തിന്റെ ഒരു ഭാഗത്ത് കനത്ത മഴ പെയ്യുമ്പോൾ ലാ നിനയുടെ ഫലമായി മറ്റ് ഭാഗത്ത് കൊടും ചൂടാകും അനുഭവപ്പെടുക. ലാല നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി അറ്റ്ലാൻ്റിക് സമുദ്രത്തിൽ ചുഴലിക്കാറ്റ് വർദ്ധിക്കും. 2021-ലെ ലാ നിന സമയത്ത് 30 ചുഴലിക്കാറ്റെന്ന് റെക്കോർഡാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ രേഖപ്പെടുത്തിയത്. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ലാ നിനയാണ് 2020- 23 കാലഘട്ടം സാക്ഷ്യം വഹിച്ചത്. 2023 ജൂൺ മാസത്തോടെ എൽ നിനോ വീണ്ടും തലപ്പൊക്കി. കഴിഞ്ഞ ഡിസംബർ മുതൽ ഇത് ദുർബലമാകുകയാണ്.
കാലാവസ്ഥ വ്യതിയാനം ENSO ചക്രത്തെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആഗോളതാപനം പസഫിക് സമുദ്രാവസ്ഥയെ മാറ്റി കൂടുതൽ എൽ നിനോ സംഭവങ്ങൾക്ക് കാരണമാകുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എൽ നിനോ, ലാ നിന എന്നിവയുമായി ബന്ധപ്പെട്ട തീവ്രമായ കാലാവസ്ഥയുടെയും കാലാവസ്ഥാ സംഭവങ്ങളുടെയും തീവ്രതയെയും ആവൃത്തിയെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടനയും പറഞ്ഞു.